36 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും ഫിഫ റാങ്കിങ്ങിൽ ഒന്നാമതെത്താൻ അർജന്റീന ഇനിയും കാത്തിരിക്കണം. ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ബ്രസീൽ തന്നെയാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ഒന്നാം സ്ഥാനത്ത് ബ്രസീൽ തുടരുകയാണ്.
ലോകകപ്പിൽ സൗദിയോട് ആദ്യ മത്സരം തോറ്റ ശേഷം നാല് മത്സരങ്ങളിൽ അർജന്റീന വിജയിച്ചെങ്കിലും ഫൈനൽ അടക്കം രണ്ട് മത്സരങ്ങളിലെ ജയം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിലെ വിജയങ്ങൾക്ക് താരതമ്യേന റാങ്കിങ് പോയിന്റ് കുറവായതാണ് അർജന്റീനയ്ക്ക് തിരിച്ചടിയായത്. മൂന്ന് വിജയങ്ങളാണ് ബ്രസീൽ ലോകകപ്പിൽ നേടിയത്. കാമറൂണിനോട് പരാജയപ്പെടുകയും ക്വാർട്ടറിൽ ക്രൊയേഷ്യയോട് ഷൂട്ടൗട്ടിൽ തോൽക്കുകയും ചെയ്തു.
ലോകകപ്പ് ഫൈനലിൽ 120 മിനുട്ടിനുള്ളിൽ ഫ്രാൻസിനെതിരെ വിജയം നേടാനായിരുന്നെങ്കിൽ റാങ്കിങ്ങിൽ അർജന്റീനയ്ക്ക് ഒന്നാമതെത്താമായിരുന്നു. പുതിയ റാങ്കിങ് പ്രകാരം ഒരു പടി കയറി അർജന്റീനയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് ഫ്രാൻസ്.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബെൽജിയം രണ്ട് സ്ഥാനം പിന്നോട്ടുപോയി നാലാമതായി. അഞ്ചാം സ്ഥാനം ഇംഗ്ലണ്ട് നിലനിർത്തിയപ്പോൾ ക്വാർട്ടർ ഫൈനലിലെത്തിയ മറ്റൊരു ടീമായ നെതർലന്റ് രണ്ട് സ്ഥാനം കയറി ആറാമതായി.
ക്രൊയേഷ്യയയാണ് ആദ്യ പത്ത് റാങ്കിങ്ങിൽ വലിയ കുതിപ്പ് നടത്തിയ ടീം. ലൂസേഴ്സ് ഫൈനലിൽ ജേതാക്കളായ ക്രൊയേഷ്യ പന്ത്രണ്ടാം സ്ഥാനത്തു നിന്ന് അഞ്ച് സ്ഥാനങ്ങൾ കയറി ഏഴാമതെത്തി. ഖത്തർ ലോകകപ്പിൽ യോഗ്യത നേടാനാകാതിരുന്ന ഇറ്റലി രണ്ട് സ്ഥാനം താഴേക്ക് പോയി പട്ടികയിൽ എട്ടാമതായി. ക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ടെങ്കിലും പോർച്ചുഗൽ റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തു തന്നെയാണ്. പ്രീക്വാർട്ടറിൽ പുറത്തായ സ്പെയിൻ മൂന്ന് പടി താഴേക്ക് വീണ് പത്താം റാങ്കിലാണ്.
ഫിഫ റാങ്കിങ്ങിൽ വൻ കുതിപ്പാണ് സെമി ഫൈനൽ വരെ എത്തിയ മൊറോക്കോയും ഓസ്ട്രേലിയയും നേടിയിരിക്കുന്നത്. ഇരു ടീമുകളും പതിനൊന്ന് സ്ഥാനങ്ങൾ ഉയർന്നു. റാങ്കിങ്ങിൽ 11ാമതാണ് മൊറോക്കോ. ആഫ്രിക്കൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും മൊറോക്കോയ്ക്കാണ്. പ്രീക്വാർട്ടറിൽ കടന്ന ഓസ്ട്രേലിയ 27ാം സ്ഥാനത്താണ്.