രാജ്യത്തെ കൊളോണിയൽ കാലം അനുസ്‌മരിപ്പിക്കുന്ന പേരുകൾ മാറ്റുക എന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായി സുപ്രധാന നീക്കം നടത്തി ഇന്ത്യൻ ആർമി. കൊൽക്കത്തയിലെ ഫോർട്ട് വില്യമിന്റെ പേര് ഇതിന്റെ ഭാഗമായി മാറ്റി. കൊളോണിയൽ മുദ്രകൾ നീക്കം ചെയ്യാനുള്ള ഒരു പ്രധാന നീക്കത്തിലാണ് സൈന്യം അവരുടെ കിഴക്കൻ കമാൻഡിന്റെ ആസ്ഥാനമായ കൊൽക്കത്തയിലെ ഫോർട്ട് വില്യം ‘വിജയ് ദുർഗ്’ എന്ന് പുനർനാമകരണം ചെയ്‌തത്.
2024 ഡിസംബർ മധ്യത്തിലാണ് തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും കാത്തിരിക്കുന്നുണ്ടെങ്കിലും സൈന്യത്തിനുള്ളിലെ ആന്തരിക ആശയ വിനിമയങ്ങൾക്ക് ഇതിനകം തന്നെ പുതിയ പേര് സ്വീകരിച്ചുവെന്നാണ് സൂചന. വൈകാതെ തന്നെ ഇക്കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയാൻ കഴിഞ്ഞത്.
2024 ഡിസംബറിൽ കോട്ടയുടെ പേര് മാറ്റാനുള്ള തീരുമാനമെടുത്തതായി പ്രതിരോധ മന്ത്രാലയം (കൊൽക്കത്ത) ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിങ് കമാൻഡർ ഹിമാൻഷു തിവാരിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സൈന്യത്തിനുള്ളിൽ ഫോർട്ട് വില്യം എന്ന പേര് ഉപയോഗിക്കുന്നത് നിർത്തിയെന്നാണ് തിവാരി അറിയിച്ചത്.
1781-ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ ഒന്നാണ് ഫോർട്ട് വില്യം. ഇംഗ്ലണ്ടിലെ വില്യം മൂന്നാമൻ രാജാവിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ഛത്രപതി ശിവാജിയുടെ ഭരണകാലത്ത് മറാഠികളുടെ അജയ്യമായ നാവിക താവളമായി പ്രവർത്തിച്ച മഹാരാഷ്ട്രയിലെ സിന്ധുദുർഗ് തീരത്തെ ഏറ്റവും പഴയ കോട്ടയ്ക്ക് ആദരം അർപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘വിജയ് ദുർഗ്’ എന്ന പേരുമാറ്റം.
വർഷങ്ങളായി ഇന്ത്യയിൽ തുടർന്നുപോരുന്ന കൊളോണിയൽ അവശേഷിപ്പുകളുടെ വേരറുക്കുക എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ് ഈ പേരുമാറ്റം. ഇതിന് പുറമേ ഫോർട്ട് വില്യമിനുള്ളിലെ കിച്ചനർ ഹൗസിനെ മനേക്ഷാ ഹൗസ് എന്നും സെന്റ് ജോർജ് ഗേറ്റ് എന്നറിയപ്പെടുന്ന സൗത്ത് ഗേറ്റ് ശിവാജി ഗേറ്റ് എന്നും പുനർനാമകരണം ചെയ്‌തിട്ടുണ്ട്.