റേഷൻ കാർഡ് മസ്റ്ററിങ് മെയ് 31 വരെ നീട്ടണമെന്ന ആവശ്യവുമായി കേരളം. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയെ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ നേരിൽക്കണ്ടാണ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാന ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മുൻഗണനാ വിഭാഗത്തിൽപ്പെട്ട റേഷൻകാർഡ് ഉടമകളുടെ മസ്റ്ററിങ് തീയതി മെയ് 31 വരെ ദീർഘിപ്പിക്കണമെന്നാണ് സംസ്ഥാനം പ്രധാനമായും ആവശ്യപ്പെട്ടത്. 2024 സെപ്റ്റംബർ 18 ന് സംസ്ഥാനത്ത് ആരംഭിച്ച ഇ കെ വൈ സി മസ്റ്ററിങ് നിലവിൽ 90.89 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അന്തിമ തീയതിയായ മാർച്ച് 31 ന് മുൻപ് വിവിധ ആവശ്യങ്ങൾക്കായി സംസ്ഥാനത്തിന് പുറത്തു കഴിയുന്ന എല്ലാ ഗുണഭോക്താക്കൾക്കും എത്തിച്ചേർന്ന് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് പ്രഹ്ലാദ് ജോഷി അറിയിച്ചെന്ന് ജിആർ അനിൽ അറിയിച്ചു.റേഷൻ കടകളിൽ ഉപോയോഗിച്ചുവരുന്ന ഇ- പോസ് മെഷീനിലെ ബയോമെട്രിക് സ്‌കാനർ L0 ക്യാറ്റഗറിയിൽ ഉള്ളതാണ്. ഇത് L1 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്.
അപ്ഗ്രഡേഷൻ കാലാവധി ജൂൺ 30 വരെ ദീർഘിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.പൊതുവിതരണ സംവിധാനം മുഖേന ഭക്ഷ്യധാന്യം നൽകുന്നതിന് പകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാർ അനുകൂലമല്ലെന്ന് കേന്ദ്ര മന്ത്രിയെ അറിയിച്ചു.
ഈ പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ റേഷൻ വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, റേഷൻ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ജനവിഭാഗങ്ങളെയെല്ലാം ദോഷകരമായി ബാധിക്കുമെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആശങ്ക. സംസ്ഥാനത്തിൻ്റെ ആശങ്ക പരിഗണിച്ചു കൊണ്ട് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നൽകി.
അതേസമയം സംസ്ഥാനത്തെ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ, ഭക്ഷ്യ മന്ത്രി ജിആർ അനിലും നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലാണെന്നും വേതന പാക്കേജ് പരിഷ്കരിക്കാൻ പ്രയാസമുണ്ടെന്നും മന്ത്രിമാർ സംഘടനാ നേതാക്കളെ അറിയിക്കുകയാരുന്നു.
വേതന വർധനവ് ഒഴികെയുള്ള കാര്യങ്ങൾ സമയബന്ധിതമായി തന്നെ നടപ്പിലാക്കുകയും വേതന വർധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നും മന്ത്രിമാർ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രധാന ആവശ്യമായ വേതന പാക്കേജ് പരിഷ്കരണത്തിൽനിന്ന് പിന്നോട്ടില്ലെന്നാണ് സംഘടനാ നേതാക്കൾ മന്ത്രിമാരെ അറിയിച്ചത്.