ബെംഗളൂരു: ബെംഗളൂരു കലാപത്തിൽ അറുപത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആകെ 206 ആയി. സംഭവത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 206 ആയെന്നും അന്വേഷണം ഇപ്പോഴും തുടരുകയാണെന്നും ബെംഗളൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പാട്ടിൽ പറഞ്ഞു.
അക്രമത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയും തുടരുന്നുണ്ട്.
കലാപത്തിന് പിന്നിൽ എസ്ഡിപിഐയാണെന്നും സംഘടനയെ നിരോധിക്കാനുള്ള നടപടി തുടരുകയാണെന്നും കർണാടക അഭ്യന്തരമന്ത്രി നേരത്തെ അറിയിച്ചിരുന്നു.
കോൺഗ്രസ് എംഎൽഎ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ബംഗളൂരുവിൽ സംഘർഷം ഉടലെടുക്കുന്നത്. വെടിവയ്പ്പിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അറുപതോളം പൊലീസ് ഉദ്യോഗസ്തർക്ക് പരുക്കേറ്റു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. എംഎൽഎയുടെ വീടിന് മുമ്പിൽ വലിയ ജനക്കൂട്ടം രോക്ഷാകുലരായി എത്തുകയും രണ്ട് കാറുകൾ അഗ്‌നിക്കിരയാക്കുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.