കോഴിക്കോട്: തൂലികത്തലപ്പുകൊണ്ട് തലമുറകള്‍ക്കായി കഥാപ്രപഞ്ചം തീർത്ത വിഖ്യാത സാഹിത്യകാരൻ ഇനി ഓർമ്മ. അക്ഷരങ്ങളാൽ വായനക്കാരുടെ മനസ്സുകളിൽ ചെറുപുഞ്ചിരിയും ഒപ്പം തീക്ഷ്ണയാഥാർഥ്യങ്ങളും പടർത്തിയ പ്രതിഭയ്ക്ക് മഹാമൗനം. പരമ്പരാഗത വിശ്വാസങ്ങള്‍ക്കും ആചാരങ്ങൾക്കുമപ്പുറം ചിന്തിച്ച, തന്‍റെ എഴുത്തിലൂടെ ഓരോവായനക്കാരനേയും ചിന്തിക്കാൻ പ്രേരിപ്പിച്ച എം.ടി. വാസുദേവൻ നായരുടെ ഭൗതികശരീരത്തെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽവെച്ചായിരുന്നു അന്ത്യകർമ്മങ്ങളും സംസ്‌കാരവും. ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം.ടി.യുടെ മരണം. വാർധക്യസഹജമാ
അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവുംസമീപത്തുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി ‘സിതാര’യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക്. ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും ‘സിതാര’യിലേക്ക് ജനം ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു.പത്രാധിപർ, ചലച്ചിത്രകാരൻ, നാടകകൃത്ത്, സാഹിത്യസംഘാടകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം സുവർണമുദ്ര പതിപ്പിച്ച ആ യുഗം ഇനി ഓർമ…….