ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ഒരു നിര്‍ണായക വിജയം കൂടെ. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത ടൈറ്റന്‍സിന് എതിരെ 27 റണ്‍സിന്റെ വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.
219 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സിന് 191-8 റണ്‍സ് എടുക്കാനെ ആയുള്ളൂ. അവസാനം ഒറ്റയാള്‍ പോരാട്ടം നടത്തിയ റഷീദ് ഖാന്‍ ആണ് ഗുജറാത്തിനെ ഇത്ര അടുത്ത് എത്തിച്ചത്. 79 റണ്‍സ് ആണ് റഷീദ് ഖാന്‍ അടിച്ചത്.
ഇന്ന് തുടക്കം മുതല്‍ ഗുജറാത്തിന് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടേയിരുന്നു. സാഹ 2, ഗില്‍ 6, ഹാര്‍ദ്ദിക് 5 എന്നിങ്ങനെ പെട്ടെന്ന് പുറത്തായി. 29 റണ്‍സ് എടുത്ത വിജയ് ശങ്കറും 41 റണ്‍സ് എടുത്ത മില്ലറും കളിയിലേക്ക് തിരികെ ടീമിനെ എത്തിക്കാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴേക്കും റണ്‍ റേറ്റ് ദൂരെയെത്തി.
അവസാനം ആഞ്ഞടിച്ച റഷീദ് ഖാന്‍ ആണ് വലിയ നാണക്കേടില്‍ നിന്ന് ഗുജറാത്തിനെ രക്ഷിച്ചത്. 32 പന്തില്‍ നിന്ന് 79 റണ്‍സ് എടുക്കാന്‍ റഷീദ് ഖാനായി. 10 സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. മുംബൈക്ക് വേണ്ടി ആകാശ് മദ്വാള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പിയുഷ് ചൗള, കാര്‍ത്തികേയ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്റെ ആദ്യ ഐ പി എല്‍ സെഞ്ച്വറിയുടെ മികവില്‍ കൂറ്റന്‍ സ്കോര്‍ തന്നെ നേടി. 20 ഓവറില്‍ 218-5 എന്ന സ്കോറാണ് മുംബൈ ഉയര്‍ത്തിയത്. സ്കൈ 49 പന്തില്‍ 103 റണ്‍സുമായി പുറത്താകാതെ നിന്നു.
മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മുംബൈയ്ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 61 റണ്‍സാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്ബോള്‍ 61 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ റഷീദ് ഖാന്‍ രോഹിത് ശര്‍മ്മയെ പുറത്താക്കിയപ്പോള്‍ അതേ ഓവറില്‍ തന്നെ റഷീദ് ഖാന്‍ ഇഷാന്‍ കിഷനെയും പുറത്താക്കി.
രോഹിത് 18 പന്തില്‍ 29 റണ്‍സും ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സും നേടി. 7 പന്തില്‍ 15 റണ്‍സ് നേടിയ നെഹാല്‍ വദേരയെ തന്റെ അടുത്ത ഓവറില്‍ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ മുംബൈ 9 ഓവറില്‍ 88/3 എന്ന നിലയിലായിരുന്നു.
30 റണ്‍സ് നേടിയ വിഷ്ണു വിനോദിനെ മോഹിത് ശര്‍മ്മ പുറത്താക്കിയപ്പോള്‍ 65 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ടിം ഡേവിഡിനെ റഷീദ് ഖാന്‍ പുറത്താക്കി മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് താരം നേടി. സ്കൈ നറുവശത്ത് അറ്റാക്ക് തുടര്‍ന്നു. 6 സിക്സും 11 ഫോറും സ്കൈയുടെ ഇന്നിങ്സില്‍ ഉണ്ടായിരുന്നു.