ഗൾഫ് നാടുകളിലേക്ക് ഇനി മിൽമയുടെ പാൽപ്പൊടിയും.

0
54

ഗൾഫ് നാടുകളിലേക്ക് ഇനി മിൽമയുടെ പാൽപ്പൊടിയും. മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്നര്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കേരള കോ – ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണില്‍ നിന്ന് സ്വീകരിക്കും.പെരിന്തല്‍മണ്ണ മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടക്കുന്ന മലപ്പുറം ഡയറിയുടെയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെയും ഉദ്ഘാടന ചടങ്ങിലാണ് പര്‍ച്ചേസ് ഓര്‍ഡര്‍ കൈമാറുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മില്‍മ ചെയര്‍മാന്‍ കെഎസ് മണി ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒയും ഡയറക്ടറുമായ എംഎ നിഷാദില്‍ നിന്ന് പര്‍ച്ചേസ് ഓര്‍ഡര്‍ സ്വീകരിക്കും. ലുലു ഗ്രൂപ്പിന്‍റെ എക്സ്പോര്‍ട്ട് ഡിവിഷനായ ലുലു ഫെയര്‍ എക്സ്പോര്‍ട്സ് ആണ് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുന്നത്. ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മില്‍മ ഡയറി വൈറ്റ്നറിന്‍റെ വിപണനോദ്ഘാടനം നിര്‍വഹിക്കും.

മില്‍മ എംഡി ആസിഫ് കെ യൂസഫ് ചടങ്ങില്‍ സംബന്ധിക്കും.ഗള്‍ഫ് രാജ്യങ്ങളില്‍ പാല്‍പ്പൊടിക്ക് നിരവധി ഉപഭോക്താക്കളുണ്ടെന്നും ഇത് മില്‍മ ഡേ ടു ഡേ ഡയറി വൈറ്റ്നറിന്‍റെ വില്‍പ്പനയ്ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആസിഫ് കെ യൂസഫ് പറഞ്ഞു. മില്‍മ ഉത്പന്നങ്ങള്‍ ഗള്‍ഫിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വില്‍ക്കാന്‍ മില്‍മയും ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണലുമായി കഴിഞ്ഞ വര്‍ഷം ധാരണാപത്രം ഒപ്പിട്ടിരുന്നു.

നിലവില്‍ മില്‍മ നെയ്യ്, പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റ്, ഗോള്‍ഡന്‍ മില്‍ക്ക് മിക്സ് പൗഡര്‍ (ഹെല്‍ത്ത് ഡ്രിങ്ക്), ഇന്‍സ്റ്റന്‍റ് പനീര്‍ ബട്ടര്‍ മസാല, പാലട പായസം മിക്സ് തുടങ്ങിയ ഉത്പന്നങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നുണ്ട്.മലയാളികളുടെ ഇഷ്ട മിൽമയുടെ ഉത്പന്നങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ പുതിയ പര്‍ച്ചേസ് ഓര്‍ഡര്‍ സഹായകരമാകും.

ഇതിനൊപ്പം ഗൾഫ് രാജ്യങ്ങളിൽ മിൽമയുടെ ഉത്പന്നങ്ങൾക്ക് ഡിമാൻഡ് വർധിപ്പിക്കാനും വിൽപ്പന വർധിപ്പിക്കാനുമാകും. നിലവിൽ വിൽപ്പന നടന്ന മിൽമയുടെ ഉത്പന്നങ്ങൾ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മിൽമയുടെ പാൽപ്പൊടിയും കടൽ കടക്കാനൊരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here