മഹാരാഷ്ട്രയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം കേസുകള്‍ 100 കടന്നതായി റിപ്പോര്‍ട്ട്. സോലാപൂരിൽ നിന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്തു. സോലാപൂരിന് പുറമെ, പൂനെ, പിംപ്രി ചിഞ്ച്‌വാഡ്, പൂനെ റൂറൽ എന്നിവിടങ്ങളിലും ജിബിഎസ് സംശയിക്കുന്ന 18 കേസുകളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 101 രോഗികളിൽ 16 പേർ വെൻ്റിലേറ്ററിലാണ്. രോഗബാധിതരായവരിൽ 68 പേർ പുരുഷന്മാരും 33 പേർ സ്ത്രീകളുമാണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ വിശകലനത്തിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു .
81 രോഗികൾ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ്റെ കീഴിലുള്ള പ്രദേശങ്ങളിൽ നിന്നും 14 പേർ പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ്റെ കീഴിലുള്ള പ്രദേശങ്ങളിൽ നിന്നും ബാക്കിയുള്ള 6 പേർ മറ്റ് ജില്ലകളിൽ നിന്നുമാണ്. പ്രധാനമായും സിൻഹഗഡ് റോഡ്, ഖഡക്‌വാസ്‌ല, ധയാരി, കിർകത്ത്-വാദി, എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലും സ്ഥിരീകരിച്ചിരിക്കുന്നത്.