ചാലക്കുടി: മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 140 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കൊല്ലം സ്വദേശിയായ അരുൺ ആണ് പിടിയിലായത്. മറ്റൊരാൾ ഓടി രക്ഷപെട്ടു. . പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇരുപത്തഞ്ചോളം പൊലീസുകാർ അഞ്ചു സംഘമായി തിരിഞ്ഞായിരുന്നു ഓപ്പറേഷൻ.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നും ഫ്രീസർ സംവിധാനമുള്ള മീൻ വണ്ടിയിൽ രഹസ്യമായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ചത് പറവൂർ സ്വദേശിയുടെ വാഹനമാണ്. ഈ ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പച്ച മീൻ കൊണ്ടുവരുന്ന ബോക്സുകൾക്കിടയിൽ 6 വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും.