വോട്ടെടുപ്പിന് ബാലറ്റ് പേപ്പർ വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

0
43

ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ഡോ. കെ എ പോൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ‘നിങ്ങൾ വിജയിച്ചാൽ ഇവിഎമ്മുകൾ നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോ?’-കോടതി ചോദിച്ചു.

എന്നാൽ ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോളും പേപ്പർ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നും ഇലോൺ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഹർജിക്കാൻ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ ജസ്റ്റിസുമാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയായിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും സമാനമായ ആരോപണങ്ങൾ നേരത്തെ ഉന്നയിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു.“ചന്ദ്രബാബു നായിഡു തോറ്റപ്പോൾ ഇവിഎമ്മുകളിൽ കൃത്രിമം നടക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തവണ ജഗൻ മോഹൻ റെഡ്ഡി തോറ്റു, ഇവിഎമ്മുകളിൽ കൃത്രിമം നടക്കുമെന്ന് അദ്ദേഹവും പറഞ്ഞു’’- സുപ്രീംകോടതി വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ഭൂരിഭാഗം രാജ്യങ്ങളും ബാലറ്റ് പേപ്പർ വോട്ടിംഗ് പ്രക്രിയ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയും ഇത് പിന്തുടരണമെന്നും ഹർജിക്കാരൻ പറഞ്ഞപ്പോൾ, “എന്തുകൊണ്ടാണ് നിങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തനാകാൻ ആഗ്രഹിക്കാത്തത്?” എന്ന് ബെഞ്ച് ചോദിച്ചു.

“നിങ്ങൾക്ക് രസകരമായ പൊതുതാൽപര്യ ഹർജികൾ ഉണ്ട്. ഇത്തരം ബുദ്ധിപരമായ ആശയങ്ങൾ നിങ്ങൾക്ക് എങ്ങനെയാണ് ലഭിക്കുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്? നിങ്ങളുടെ പ്രവർത്തന മേഖല വളരെ വ്യത്യസ്തമാണ്,” -ബെഞ്ച് ഹര്‍ജിക്കാരനോട് ചോദിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് 5 വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here