അമേരിക്കന്‍ കമ്പനി 14 വർഷം മുമ്പ് കേരളത്തില്‍ നടത്തിയ സര്‍വേയില്‍ ആശങ്കപ്രകടിപ്പിച്ച് കേരള ഹൈക്കോടതി.

0
40

തിരുവനന്തപുരത്ത് 2010ല്‍ നടത്തിയ സര്‍വേയില്‍ മുസ്ലീം സമുദായത്തെപ്പറ്റിയുള്ള ചോദ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രംഗത്തെത്തുകയായിരുന്നു. അനധികൃത സര്‍വേയില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെയ്‌ലര്‍ നെല്‍സണ്‍ സോഫ്രെസ് ഇന്ത്യ ലിമിറ്റഡ് (ടിഎന്‍എസ്) നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്‌സ് നഗറില്‍ നടത്തിയ സര്‍വേയുമായി ബന്ധപ്പെട്ട് നാല് ജീവനക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ടിഎന്‍എസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന ചോദ്യങ്ങളാണ് സര്‍വേയിലുപയോഗിച്ച ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശകമ്പനികള്‍ക്ക് ഇന്ത്യയില്‍ സര്‍വേ നടത്താനാകില്ലെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിനായാണ് ടിഎന്‍എസ് സര്‍വേ നടത്തിയത്. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യ, തായ്‌ലന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ സര്‍വേ സംഘടിപ്പിച്ചിരുന്നു.

‘സംശയാസ്പദമായ ചോദ്യങ്ങളുള്‍പ്പെടുത്തി ഒരു വിദേശ കമ്പനി നമ്മുടെ രാജ്യത്ത് സര്‍വേ നടത്തിയതില്‍ അദ്ഭുതം തോന്നുന്നു. സര്‍വേ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയൊരു പരമാധികാര, മതേതര, ജനാധിപത്യ രാജ്യമാണ്. ഇവിടെ മതപരമായ ഭിന്നതകളില്ല. മതസൗഹാര്‍ദ്ദമാണ് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയുടെ നെടുംതൂണ്‍,’ എന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

സര്‍വേ നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും കോടതി കണ്ടെത്തി. കൂടാതെ വിഷയത്തില്‍ കേരള പോലീസ് നടത്തിയ അന്വേഷണം പര്യാപ്തമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം സര്‍വേകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതസൗഹാര്‍ദ്ദത്തിനും വെല്ലുവിളിയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും നല്‍കണമെന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസിനോട് കോടതി ആവശ്യപ്പെട്ടു. സര്‍വേയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കി.പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റിന്റെ ‘ഗ്രീന്‍ വേവ് 12’ എന്ന പ്രോജക്ടിന്റെ പഠനത്തിനാവശ്യമായ വിവരങ്ങളുള്‍പ്പെട്ട ചോദ്യാവലിയാണ് സര്‍വേയ്ക്കുപയോഗിച്ചത്. രാജ്യത്തിന്റെ മൂല്യം, പാരമ്പര്യം, എന്നിവയെപ്പറ്റി മനസിലാക്കുന്നതിന് നടത്തിയ ഗവേഷണമാണിതെന്നും ടിഎന്‍എസ് കോടതിയെ അറിയിച്ചു. ഇന്ത്യയിലെ 54 നഗരങ്ങളില്‍ ഇതേ സര്‍വേ നടത്തിയെന്നും ഇതുവരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും കമ്പനി വാദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here