വിനോദയാത്ര പൂർണ്ണമായും നിരോധിച്ച് ഇടുക്കി കളക്ടർ

0
69

ഇടുക്കി: മഴയും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ ടൂറിസം കേന്ദ്രങ്ങളിലേക്കുമുള്ള വിനോദയാത്ര പൂർണ്ണമായും നിരോധിച്ചു. മൂന്നാറിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. നേരത്തെ അതിതീവ്രമഴയുടെ സാഹചര്യത്തിൽ ജില്ലയിൽ ടൂറിസ്റ്റുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഒറ്റപ്പെട്ട രീതിയിലെങ്കിലും ആളുകൾ മൂന്നാറിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ പുതിയ ഉത്തരവ്.

അതേ സമയം, ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഡാം തുറന്നത്. ചട്ടപ്രകാരം മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷം രാവിലെ പത്ത് മണിയോടെ ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിൻറെ ഒരു ഷട്ടർ 70 സെൻറീമീറ്റ‍‍ർ ഉയർത്തി അൻപത് ഘനമീറ്റർ വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്. 2383.53 ആണ് നിലവിലെ അപ്പർ റൂൾ കർവ്. ഡാം തുറന്നാലും പെരിയാർ തീരത്തുള്ളവരുടെ വീടുകളിലേക്കൊന്നും വെള്ളം കയറില്ലെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. മുൻകരുതലായി 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ക്യാമ്പ് തുടങ്ങാൻ 23 സ്ഥലങ്ങളും കണ്ടെത്തി. ഇടുക്കി, കഞ്ഞിക്കുഴി, തങ്കമണി, വാത്തിക്കുടി, ഉപ്പുതോട് വില്ലേജുകളിൽ അനൗൺസ്മെൻറും നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here