ലിയോ ആദ്യപകുതി മാസ് രംഗങ്ങളാല്‍ സമ്പന്നം; മികച്ച പ്രേക്ഷക പ്രതികരണം.

0
57

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം തിയേറ്ററുകളിലെത്തി. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് വിജയ് ആരാധകർ ചിത്രത്തെ വരവേറ്റത്. പുലർച്ചെയുള്ള ഷോ കാണാൻ ഇന്നലെ രാത്രി മുതൽ ആരാധകർ തിയേറ്ററുകള്‍ക്ക് മുന്നിൽ തമ്പടിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ലോകേഷ് കനകരാജിന്റെ സംവിധാന മികവിനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞിരിക്കുകയാണ്. ബ്ലോക്ക്ബസ്റ്റർ എന്ന് ചിലർ സിനിമയെ വിശേഷിപ്പിക്കുമ്പോൾ, വിജയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനമാണ്  ചിത്രത്തിലേതെന്നാണ് മറ്റു ചിലര്‍ കുറിക്കുന്നത്.

“വിജയുടെ പ്രകടനം പീക്ക് ലെവലിലേക്ക് ഉയർത്തി.‍ ഓരോ ആക്ഷൻ രംഗങ്ങളും രോമാഞ്ചം ജനിപ്പിക്കുന്നു. സസ്പെൻസും ഇന്റർവെൽ ബ്ലോക്കും ഗംഭീരം. രണ്ടാം ഭാഗവും ഇതേ രീതിയിൽ പോയാൽ സിനിമ ബ്ലോക്ക് ബസ്റ്ററാകും ‌” സിനിമയുടെ ആദ്യ പകുതി കണ്ടതിന് ശേഷം ഒരു ആരാധകൻ എഴുതി.

മറ്റൊരു ഉപയോക്താവ് ലിയോ ഒരു ‘മികച്ച’ സിനിമയാണെന്നും എന്തുവിലകൊടുത്തും അത് കാണണമെന്നും വാദിച്ചു. മറുവശത്ത്, രജനികാന്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ജയിലർ ‘ലിയോയുടെ മുന്നിൽ ഒന്നുമില്ല’ എന്ന് ആരാധകരിലൊരാൾ പറഞ്ഞു. പ്രേക്ഷകരുടെ ചില പ്രതികരണങ്ങൾ ഇങ്ങനെ.

തൃഷ കൃഷ്ണൻ, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, പ്രിയ ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് ലിയോ. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ലോകേഷ് കനകരാജിനൊപ്പം രത്‌ന കുമാറും ധീരജ് വൈദിയും ചേർന്നാണ് തിരക്കഥ എഴുതിയത്. ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം മനോജ് പരമഹംസയും ഫിലോമിൻ രാജും കൈകാര്യം ചെയ്തിരിക്കുന്നു.

കേരളവും കർണാടകവും അടക്കമുള്ള സംസ്ഥാനങ്ങളിൽ പുലർച്ചെ സിനിമയുടെ പ്രദർശനം തുടങ്ങിയെങ്കിലും തമിഴ്നാട്ടിൽ സിനിമയുടെ ആദ്യ ഷോ രാവിലെ 9നാണ് തുടങ്ങുന്നത്. ട്രെയിലർ പ്രദർശനത്തിനിടെ ചെന്നൈയിലെ ഒരു തിയേറ്റർ വിജയ് ആരാധകർ തകർത്തിരുന്നു. ഇതേ തുടർന്ന് പുലർച്ചെ നാലുമണിക്കും ഏഴുമണിക്കുമുള്ള സിനിമയുടെ പ്രദർശനത്തിന് സര്‍ക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ഇനി ട്രെയിലർ ആഘോഷങ്ങൾക്ക് തിയേറ്ററുകൾ വിട്ടുനൽകില്ലെന്നാണ് ഉടമകൾ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here