TTC വിദ്യാർഥിനി മരിച്ചു: ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ കേസ്

0
45

തിരുവനന്തപുരത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടി.ടി.സി. വിദ്യാർഥിനി മരിച്ചതിൽ ഡ്രൈവർക്കെതിരെ മനഃപൂര്‍വമായ നരഹത്യക്ക്‌ പോലീസ് കേസെടുത്തു.

പ്രതിയായ കരിമ്പളളിക്കര സ്വദേശി ഷൈജുവിനെതിരെ വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) പ്രകാരമാണ് കേസെടുത്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിഴിഞ്ഞം-മുക്കോല-ഉച്ചക്കട റോഡിൽ കിടാരക്കുഴിയിൽ വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടശേഷം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുക പോലും ചെയ്യാതെ ഡ്രെെവർ രക്ഷപ്പെടുകയായിരുന്നു.

അപകട നടന്ന സ്ഥലം മുതൽ വിഴിഞ്ഞം വരെയുളള നിരവധി സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളുടെ ഓട്ടോറിക്ഷ കണ്ടെത്തിയതെന്ന് എസ്.എച്ച്.ഒ. ആർ.ജയപ്രകാശ് പറഞ്ഞു.

വിളവൂർക്കൽ പെരുകാവ് ഈഴക്കോട് ശാന്തിവനത്തിൽ ഈഴക്കോട് യു.പി സ്കൂൾ മാനേജർ എഫ്.സേവ്യറിന്റെയും സ്‌കൂളിലെ പ്രഥമാധ്യാപികയായ ലേഖാ റാക്‌സണിന്റെയും ഏകമകളായ എൽ.എക്‌സ്. ഫ്രാൻസിസ്‌ക (19) ആണ് അപകടത്തിൽ മരിച്ചത്.

വെങ്ങാനൂർ മുടിപ്പുര നട ഗവ.എൽ.പി.സ്‌കൂളിൽ അധ്യാപന പരിശീലനത്തിനുശേഷം ഫ്രാൻസിസ്‌കയും സുഹൃത്തുക്കളും ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന വിദ്യാർഥിനികളായ പത്തനംതിട്ട സ്വദേശി കെ.പി.ദേവിക(19), കാസർകോഡ് സ്വദേശി രാഖി സുരേഷ്(19) എന്നിവർക്കും ഗുരുതര പരിക്കേറ്റുണ്ട്.

ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here