പവർ ഗ്രൂപ്പിനെ കുറിച്ച് താൻ ആദ്യമായാണ് കേൾക്കുന്നത്. ഞാൻ അതിൽപെട്ട ആളല്ല, അങ്ങനെയൊരു ഗ്രൂപ്പിനെക്കുറിച്ച് എനിക്കറിയില്ലെന്ന് നടൻ മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ടുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുള്ള അറിവ് മാത്രമേ തനിക്കുമുള്ളൂ എന്ന് പറഞ്ഞ മോഹൻലാൽ മലയാള സിനിമയെ തകർക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും പറഞ്ഞു.
തൻ്റെ കൈയ്യിൽ ചോദ്യത്തിന് ഉത്തരങ്ങളില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ താനെന്താണ് പ്രതികരിക്കേണ്ടത്? ഈ പരാതികൾ ഇനി സംഭവിക്കാതിരിക്കാനുള്ള ശ്രമം ഇനി ഉണ്ടാകണം. ഒരു ദിവസം കൊണ്ട് എങ്ങനെയാണ് നിങ്ങൾക്ക് ഞങ്ങൾ അന്യരായി പോകുന്നത്? താരങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയാണ് അമ്മ സംഘടനയുണ്ടാക്കിയത്.ഞങ്ങളുടെ കൂടെ നിങ്ങളും നിൽക്കൂ, നിങ്ങളുടെ കൂടെ ഞങ്ങളും നിൽക്കാം. ഡബ്ല്യുസിസി, അമ്മ എന്നതെല്ലാം ഒഴിവാക്കൂ. എന്നിട്ട് മലയാള സിനിമയെ കുറിച്ച് മാത്രം സംസാരിക്കൂ. അമ്മ മാത്രമല്ല, ഒരുപാടധികം സംഘടനകളുണ്ട്. അവരുടെയെല്ലാം കാര്യത്തിൽ സംസാരിക്കൂ. മുഖമറിയാത്ത പരിചയമില്ലാത്ത കുറേയധികം കാര്യങ്ങൾ പലയിടത്ത് നിന്നും കേട്ടു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും മോഹന്‍ലാൽ പറഞ്ഞു.