യൂറോ കപ്പില്‍ ചരിത്ര അട്ടിമറി. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ പ്രീ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ജിയ പറങ്കിപ്പടയെ മുക്കിയത്. കളിയുടെ ആദ്യാവസാനം പോര്‍ച്ചുഗലിന്റെ വമ്പന്‍ നിരയുടെ ആത്മവിശ്വാസം തകര്‍ത്ത് കളിക്കാന്‍ ജോര്‍ജിയക്ക് സാധിച്ചു. കന്നി യൂറോ കപ്പില്‍ത്തന്നെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാന്‍ ജോര്‍ജിയക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
3-5-2 ഫോര്‍മേഷനിലിറങ്ങിയ പോര്‍ച്ചുഗലിനെ 5-3-2 ഫോര്‍മേഷനിലാണ് ജോര്‍ജിയ നേരിട്ടത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ത്തന്നെ പോര്‍ച്ചുഗല്‍ ഞെട്ടി. ക്വാരത്‌സ്‌ഖൈലിയയുടെ ഗോളിലാണ് ജോര്‍ജിയ മുന്നിലെത്തിയത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം അന്റോണിയോ സില്‍വയുടെ പിഴവ് മുതലാക്കിയാണ് ജോര്‍ജിയ ലീഡെടുത്തത്. സില്‍വ പിന്നിലോട്ട് നല്‍കിയ പാസ് പിടിച്ചെടുത്ത മികോട്ടഡ്‌സെ പന്തുമായി മുന്നേറി. ക്വാരത്‌സ്‌ഖൈലിയക്ക് പാസ് നല്‍കിയ മികോട്ടഡ്‌സെക്ക് പിഴച്ചില്ല. ഗംഭീരമായി താരം പന്ത് പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു.
ജോര്‍ജിയന്‍ ഗോളി മാമര്‍ദഷ്‌വിലിയുടെ മിന്നല്‍ സേവുകള്‍ പോര്‍ച്ചുഗലിന്റെ ഗോള്‍ശ്രമങ്ങളെല്ലാം വിഫലമാക്കി. റൊണാള്‍ഡോയ്ക്ക് മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. ബോക്‌സില്‍ ജോര്‍ജിയന്‍ താരം റൊണാള്‍ഡോയുടെ ജേഴ്‌സി പിടിച്ച് വലിച്ചു. ഇതില്‍ പരാതി പറഞ്ഞതിനാണ് റൊണാള്‍ഡോയ്ക്ക് റഫറി കാര്‍ഡ് നല്‍കിയത്. 65ാം മിനുട്ടില്‍ റൊണാള്‍ഡോക്ക് പകരം റാമോസിനെ പോര്‍ച്ചുഗല്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ നാണംകെട്ട് അട്ടിമറി പോര്‍ച്ചുഗലിന് നേരിടേണ്ടി വന്നു. ചരിത്രമെഴുതി ജോര്‍ജിയ പ്രീക്വാര്‍ട്ടറിലെത്തുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് തുര്‍ക്കിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 2-1നാണ് തുര്‍ക്കിയുടെ ജയം. 20ാം മിനുട്ടില്‍ ചെക്ക് താരം അന്റോണിന്‍ ബറാക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 51ാം മിനുട്ടില്‍ ഹക്കന്‍ കല്‍ഹനോഗ്ലുവിലൂടെ തുര്‍ക്കി മുന്നിലെത്തി.