ഒരാളെ സമൂഹത്തിനു മുന്നിൽ നാണംകെടുത്താനുള്ള തമാശക്കളിയല്ല ഈ വെളിപ്പെടുത്തലുകളെന്ന് നടി രേവതി. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കുന്നതിനുള്ള വലിയ പോരാട്ടമാണിതെന്നും താരം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ നഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം താരം നിഷേധിച്ചു. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു.
‘മലയാളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് വെറും മീടൂ വെളിപ്പെടുത്തലുകൾ അല്ല. അതിനപ്പുറത്തേക്ക് ഇത് വളർന്നു കഴിഞ്ഞു. ഇത് ഇതിൽത്തന്നെ അവസാനിക്കാതെ ഇരിക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണം. സുരക്ഷിതമായ തൊഴിലിടം മാത്രമല്ല, തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി മാറ്റാനാണ് ശ്രമിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകുതി ലൈംഗികചൂഷണങ്ങളെക്കുറിച്ചാണെങ്കിലും മറു പകുതി ഇൻഡസ്ട്രിയിലെ മറ്റു പ്രശ്നങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
അതും ലൈംഗികചൂഷണം ചർച്ച ചെയ്യപ്പെടുന്നതു പോലെ ഗൗരവകരമായ വിഷയമാണ്’, രേവതി പറഞ്ഞു.‘പ്രശ്നങ്ങളുണ്ടാകുമ്പോള്‍ രാജിവച്ച് സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന പ്രവണത നല്ലതാണോ എന്നും രേവതി ചോദിക്കുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് സംസാരിക്കുന്നതിൽ എന്താണ് തെറ്റ്? എന്തിനാണ് ഇത്രയും ഈഗോ? ഇനി നമുക്ക് ഒരുമിച്ചു വരാം, സംസാരിക്കാം. കാര്യങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ച് സംസാരിക്കാം. കാരണം, ഈ സ്ത്രീകൾ നിശബ്ദരാകാൻ പോകുന്നില്ല’, നടി പറഞ്ഞു.