മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ മാപ്പു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവജിയുടെ പാദങ്ങളിൽ തൊട്ട് മാപ്പ് പറയുന്നു. ഈ സംഭവം വേദനിപ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുകയാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വധ്വാൻ തുറമുഖ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ഛത്രപതി ശിവാജി മഹാരാജ് വെറുമൊരു പേരോ രാജാവോ അല്ല. ഇന്ന് ഞാൻ അദ്ദേഹത്തിൻ്റെ പാദങ്ങളിൽ ശിരസ്സ് നമിച്ച് മാപ്പ് ചോദിക്കുകയും ചെയ്യുന്നു. ഛത്രപതി ശിവാജി മഹാരാജിനെ തങ്ങളുടെ ആരാധ്യ ദേവനായി കരുതുന്നവരുണ്ട്. ഈ ആരാധ്യ ദേവനാൽ വേദനിച്ചവരോട് ഞാൻ തല കുനിച്ച് ക്ഷമ ചോദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ ആരാധ്യ ദേവിനെക്കാൾ വലുതായി ഒന്നുമില്ല.ഞങ്ങളുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്.
ചിലർ വീർ സവർക്കറെ അധിക്ഷേപിക്കുന്നത് തുടരുന്നു. അദ്ദേഹത്തെ അപമാനിച്ചതിന് മാപ്പ് പറയാൻ തയ്യാറല്ല, അവർ കോടതിയിൽ പോയി പോരാടാൻ തയ്യാറായിരിക്കുകയാണ്.’- പ്രധാനമന്ത്രി പറഞ്ഞു.മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ രാജ്‌കോട്ട് കോട്ടയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യൻ നേവി ദിനത്തിൽ പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ 35 അടി പ്രതിമ ഓഗസ്റ്റ് 26 നാണ് തകർന്നു വീണത്.
പീഠത്തിൽ നിന്നും വീണ പ്രതിമ കഷ്ണങ്ങളായി ചിതറിപ്പോയിരുന്നു. സംഭവം അന്വേഷിക്കാൻ നാവികസേനയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര സർക്കാർ പ്രതിനിധികളെയും സാങ്കേതിക വിദഗ്ധരെയും ഉൾക്കൊള്ളിച്ചുള്ള സംയുക്ത സാങ്കേതിക കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്.