ഇന്ത്യയിലെ കൊതുക് ജന്യ രോഗവ്യാപനവും അവ നിയന്ത്രിക്കാനുള്ള നൂതനാശയങ്ങളും.

0
117

കൊതുക് ജന്യ രോഗങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം ഉണ്ടാക്കാനും അവ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിനും ലക്ഷ്യം വച്ചുകൊണ്ട്
എല്ലാ വർഷവും ആഗസ്റ്റ് 20ന് ലോക കൊതുക് ദിനം ആചരിക്കുന്നു. ബ്രിട്ടിഷ് ഡോക്ടറായ സർ റൊണാൾഡ് റോസ് 1897 ആഗസ്റ്റ് 20 ൽ ആദ്യമായി പെൺ അനോഫിലിസ് കൊതുകുകളുടെ വയറ്റിൽ മലേറിയ രോഗാണുക്കളെ കണ്ടെത്തിയതോടെയാണ് കൊതുകുകൾ മനുഷ്യനിൽ പരത്തുന്ന മലേറിയ രോഗത്തിന്റെ ആദ്യ തെളിവുകൾ പുറത്തു വന്നത്. വേൾഡ് മൊസ്ക്വിറ്റോ പ്രോഗ്രാമിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 2024ൽ ആണ് ലോകത്ത് എറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. ലോകത്താകെ 80 രാജ്യങ്ങളിലായി പതിനൊന്ന് മില്യണിൽ അധികം ആൾക്കാർക്കാണ് 2024ൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. വളരെ വേഗത്തിൽ പടരുന്ന കൊതുക് ജന്യ രോഗങ്ങൾക്ക് അയവ് വരുന്നതിന്റെ യാതൊരു ലക്ഷണങ്ങളുമില്ല എന്ന് മാത്രമല്ല 24,000 ഗുരുതര കേസുകളും ഡെങ്കിപ്പനി ബാധിച്ചുള്ള 65,000 മരണങ്ങളും ലോകത്ത് ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളതായി വെബ്സൈറ്റിൽപ്പറയുന്നു.

നാഷണൽ സെൻ്റർ ഫോർ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ (NCVBDC) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിൽ കഴിഞ്ഞ രണ്ട് വർഷമായി കൊതുക് , ചെള്ള് തുടങ്ങിയ പ്രാണികൾ പരത്തുന്ന ഡെങ്കി, ചിക്കൻഗുനിയ, മന്ത് (ലിംഫാറ്റിക്ക് ഫിലാറിയാസിസ്),കാലാഅസർ(ലീഷ്മാനിയാസിസ്) തുടങ്ങിയ രോഗങ്ങളിൽ വലിയതോതിലുള്ള കുറവ് ഉണ്ടായതായി പറയുന്നു. ഇത്തരത്തിലുള്ള രോഗങ്ങളിൽ ഇന്ത്യൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതും വ്യാപന സാധ്യതയുള്ളതും ഡെങ്കിപ്പനിയാണ്. 2022ൽ ഇന്ത്യയിൽ 2.33 ലക്ഷം ഡെങ്കി പോസിറ്റീവ് കേസുകളും ഡെങ്കിപ്പനി ബാധിച്ചുള്ള 303 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ 2.89 ലക്ഷം ഡെങ്കിപ്പനി കേസുകളും 485 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നഗര പ്രദേശങ്ങളിലാണ് രോഗ വ്യാപനം ഏറയും (55-58 ശതമാനം). 2023ൽ നഗര മേഖലയിലെ രോഗ വ്യാപനം 68 ശതമാനത്തിലേക്ക് ഉയർന്നതായി സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു.

കൊതുക് ജന്യ രോഗങ്ങളുടെ ഭീഷണിക്കെതിരെ പതിറ്റാണ്ടുകളായി നിരന്തര പോരാട്ടത്തിലാണ് ഇന്ത്യ. ഇത്തരം രോഗങ്ങൾ തടയാനും നിയന്ത്രിക്കാനുമുള്ള നൂതനാശങ്ങൾ ഇന്ത്യപോലെ ജനസംഖ്യ വളരെ കൂടുതലുള്ള രാജ്യത്തിൽ ഉണ്ടാവേണ്ടതാണെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ട്. പരമ്പരാഗതമായ ജാഗ്രാതാ രീതികളിൽ നിന്ന് മാറി രോഗം തടയാനും നിയന്ത്രിക്കാനുമുള്ള മാർഗങ്ങളാണാവശ്യം. അതുപോലെ തന്നെ കൊതുകിൻ്റെ ജീവത ചക്രത്തെയും പ്രജനന കേന്ദങ്ങളെയു ലക്ഷ്യമിടാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും ആവശ്യമാണ്. കൊതുക്, ചെള്ള് തുടങ്ങിയവ പരത്തുന്ന രോഗങ്ങൾ (vector-borne diseases) തടയുന്നതിനായി നാഷണൽ സെൻ്റർ ഫോർ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ (NCVBDC) നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം (NVBDCP) എന്ന പേരിൽ ഒരു പരിപാടി  ആവിഷ്കരിച്ചിട്ടുണ്ട്.
ഈ പരിപാടിക്ക് കീഴിൽ മലേറിയ, മന്ത്, കാലാഅസർ എന്നീ രോഗങ്ങൾ തുടച്ചു നീക്കുന്നതിനുള്ള പ്രവത്തനങ്ങൾ നടന്നുവരികയാണ്. 2030 ഓടെ മലേറിയ, മന്ത് ( ലിംഫാറ്റിക്ക് ഫിലാറിയാസിസ് )എന്നീ രോഗങ്ങൾ തുടച്ച് നീക്കുക എന്നതാണ് ലക്ഷ്യം. കാലാഅസർ രോഗത്തെ 2023 ഓടെ തുടച്ചു നീക്കുക എന്നതായിരുന്നു ലക്ഷ്യം.

ഡെങ്കിപ്പനിക്കെതിരെ ജാഗ്രതയോടെയിരിക്കാനും സമയ ബന്ധിതമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും യൂണിയൻ ഹെൽത്ത് സെക്രട്ടറി അപൂർവ്വ ചന്ദ്ര ഈ മാസം ആദ്യം സംസ്ഥാനങ്ങൾക്കും മുനിസിപ്പാലിറ്റികൾക്കും നിർദ്ദേശം നൽകിയിരുന്നു. നഗര വികസന മന്ത്രാലയവും സംസ്ഥാനങ്ങളും മുനിസിപ്പൽ കോർപ്പറേഷനുകളും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നിന്ന് വേണം ഡെങ്കി പോലുള്ള കൊതുക് ജന്യ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനെന്നും മന്ത്രി തലത്തിൽ വിളിച്ചു ചേർത്ത ഒരു യോഗത്തിൽ അദ്ദേഹം പറഞ്ഞു. കർണാടക, കേരളം, തമിഴ് നാട്, മഹാരഷ്ട്ര എന്നിവിടങ്ങളിലാണ് ഇത്തവണ എറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here