സൗദി സൂപ്പർ കപ്പ് കിരീടം അൽ ഹിലാലിന്

0
52

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ചാണ് അൽ ഹിലാലിന്റെ കിരീടനേട്ടം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അൽ ഹിലാലിന്റെ ജയം. റൊണാൾഡോയുടെ ഗോളിൽ അൽ നസറാണ് ആദ്യം മുന്നിലെത്തിയത്, പിന്നീട്
നാല് ഗോൾ തിരിച്ചടിച്ച് ജയവും കിരീടവും അൽ ഹിലാൽ സ്വന്തമാക്കുകയായിരുന്നു. സെർബിയൻ സൂപ്പർ താരം അലക്സാണ്ടർ മിട്രോവിച്ച് ഇരട്ട ഗോൾ നേടി. അൽ ഹിലാലിന്റെ അഞ്ചാം സൗദി സൂപ്പർ കപ്പ് നേട്ടമാണിത്.

രണ്ടാം പകുതിയിൽ അൽ ഹിലാൽ രണ്ടും കൽപ്പിച്ചാണ് കളിക്കാൻ ഇറങ്ങിയത്. മത്സരത്തിന്റെ അൻപത്തിയഞ്ചാം മിനിറ്റിൽ അൽ ഹിലാലിന്റെ സമനില ഗോൾ പിറന്നു‌. മിലിങ്കോവിച്ച് സാവിച്ചായിരുന്നു‌ ഗോൾ വല കുലുക്കിയത്. എട്ട് മിനിറ്റുകൾക്ക് ശേഷം അലക്സാണ്ടർ മിട്രോവിച്ച് അൽ ഹിലാലിനെ കളിയിൽ മുന്നിലെത്തിച്ചു.

69-ാം മിനിറ്റിൽ കളിയിലെ തന്റെ രണ്ടാം ഗോൾ അദ്ദേഹം കണ്ടെത്തിയതോടെ അൽ ഹിലാൽ 3-1 ന് മുന്നിൽ. ഇതോടെ അൽ നസർ തളർന്നു. എന്നാൽ അവിടം കൊണ്ടും അൽ ഹിലാൽ നിർത്തിയില്ല. 72-ം മിനിറ്റിൽ മാൽക്കം നേടിയ ഗോളിൽ അവർ ലീഡ് 4-1 ആയി ഉയർത്തി‌. ഇതിന് ശേഷം തിരിച്ചടിക്കാനുള്ള അൽ നസറിന്റെ ശ്രമങ്ങളെല്ലാം വിഫലമായതോടെ അൽ ഹിലാൽ സൗദി സൂപ്പർ കപ്പിൽ ചാമ്പ്യ‌മാരാവുകയായിരുന്നു.

സെമിയിലും ഇപ്പോൾ ഫൈനലിലും ഗോൾ നേടിയെങ്കിലും ടീമിനെ സൗദി സൂപ്പർ കപ്പിൽ ചാമ്പ്യന്മാരാക്കാൻ കഴിഞ്ഞില്ലെന്നത് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിക്കുന്ന നിരാശ ചെറുതൊന്നുമായിരിക്കില്ല. നേരത്തെ സെമിഫൈനലിൽ അൽ താവൂൺ എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയായിരുന്നു അൽ നസർ സൗദി സൂപ്പർ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്. എയ്മൻ യഹ്യയും, ക്രിസ്റ്റ്യാനോ റൊണാൾഡോയുമായിരുന്നു ഈ കളിയിൽ അൽ നസറിനായി ഗോളുകൾ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here