എറണാകുളത്ത് ഫോര്‍ട്ട്കൊച്ചി ക്ലസ്റ്ററില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെമാത്രം പതിനഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസമായി പത്തിലധികം പേര്‍ക്ക് ഫോര്‍ട്ടുകൊച്ചി ക്ലസ്റ്ററില്‍ കോവിഡ് പോസിറ്റീവാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
എറണാകുളം ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നിലൊന്നും ഫോര്‍ട്ടുകൊച്ചി ക്ലസ്റ്ററില്‍നിന്നാണ്. ഫോര്‍ട്ടുകൊച്ചിയില്‍ അഞ്ചും, മട്ടാഞ്ചേരിയില്‍ ഒന്‍പതും, പള്ളുരുത്തി ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കര്‍ശനമായ നിയന്ത്രണങ്ങളോടെ പശ്ചിമകൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുകയാണ്.
ജില്ലയിലെ മറ്റ് കോവിഡ് ക്ലസ്റ്ററുകളായ ആലുവ ചെല്ലാനം മേഖലകളില്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച 54 പേരില്‍ നാല് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 138 പേര്‍ ഇന്നലെ രോഗമുക്തി നേടി. നിലവില്‍ 1158 പേരാണ് ജില്ലയില്‍ കോവിഡ് പോസിറ്റീവായി ചികില്‍സയില്‍ തുടരുന്നത്. ജില്ലയില്‍ പതിനെട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി നിലവില്‍വന്നു.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ചില മേഖലകള്‍കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. നഗരത്തിലെ കാലടി, കുര്യാത്തി വാർഡുകളിലെ ചില പ്രദേശങ്ങളും കുടപ്പനക്കുന്ന് ഹാർവിപുരം കോളനിയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. നെയ്യാറ്റിൻകര മുന്‍സിപ്പാലിറ്റിയിലെ പുത്തനമ്പലം, മൂന്നുകല്ലിൻമൂട്, ടൗൺ, വഴിമുക്ക്, അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ കരിച്ചറ വാർഡ്, തൊളിക്കോട് പഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട്, നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക്, വെള്ളറടയിലെ അഞ്ചുമരൻകാല, കിളിയൂർ, മണൂർ, പൊന്നമ്പി, മണത്തോട്ടം, പനച്ചുമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി.