ദേശീയ സുരക്ഷാനിയമം ലംഘിച്ചു; ഹോങ്കോങ് മാധ്യമ ഗ്രൂപ്പ് സ്ഥാപകൻ ജിമ്മി ലായ് അറസ്റ്റിൽ

0
107

ഹോങ്കോങ്: വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഹോങ്കോങ്ങിലെ പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായ് (71) ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായി. ഹോങ്കോങ്ങിലെ പ്രമുഖ ജനാധിപത്യ പ്രവർത്തകരിൽ ഒരാളായ ലായ് ചൈനയുടെ ഏകാധിപത്യ ഭരണത്തിന്റെ സ്ഥിരം വിമ൪ശകനായിരുന്നു. ലായ് നേതൃത്വം നൽകുന്ന ജനപ്രിയ ടാബ്ലോയിഡ് പത്രമായ ആപ്പിൾ ഡെയിലിയുടെ അംഗങ്ങളുടെയും മകന്റെയും വീട്ടിൽ പൊലീസ് പരിശോധന നടത്തി. ലായുടെ അനുയായിയും മുതിർന്ന മാധ്യമപ്രവ൪ത്തകനുമായ മാർക്ക് സൈമൺ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

ദേശീയ സുരക്ഷാ നിയമം ലംഘിച്ചുവെന്ന സംശയത്തിന്റെ പേരിൽ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാൽ അറസ്റ്റിലായവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും ഹോങ്കോങ് പൊലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ചൈനയുടെ പുതിയ സുരക്ഷാ നിയമം അനുസരിച്ച് ഭീകരവാദം വിദേശ ശക്തികളുമായുള്ള ഗൂഢാലോചന എന്നിവയ്ക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. വിദേശ ശക്തികളുമായുള്ള ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ഏഴു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഹോങ്കോങ് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here