കേന്ദ്രം ക്ഷേമ പെൻഷൻ വിഹിതം മുടക്കിയെന്ന് ധനമന്ത്രി;

0
73

ക്ഷേമ പെൻഷനിലെ കേന്ദ്രവിഹിതം സംസ്ഥാനം നൽകിയിട്ടും പെൻഷൻക്കാർക്ക്‌ തുക കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുതിർന്നവർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട 6.88 ലക്ഷം പേർക്കാണ്‌ ചെറിയ തോതിൽ കേന്ദ്ര സഹായമുള്ളത്‌. അത്‌ കേന്ദ്ര സർക്കാർ മുടക്കിയിരിക്കുകയാണ്‌.

ഈ സാഹചര്യത്തിലാണ്‌ കേന്ദ്ര സഹായവും സംസ്ഥാനം മൂൻകൂറായി തുക നൽകിയത്‌. എന്നാൽ, അതും പെൻഷൻകാർക്ക്‌ വിതരണം ചെയ്യാതെ കേന്ദ്രം ക്ഷേമ പെൻഷൻകാരെ വലയ്‌ക്കുകയാണെന്ന്‌ ധനമന്ത്രി പറഞ്ഞു.നിലവിൽ ക്ഷേമ പെൻഷൻകാർക്ക്‌ 1600 രൂപ വീതം സംസ്ഥാന സർക്കാർ എല്ലാ മാസവും നൽകുന്നുണ്ട്‌. ഇതിൽ 6.88 ലക്ഷം പേർക്കാണ്‌ കേന്ദ്ര വിഹിതമുള്ളത്‌.

200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെയുള്ള തുക കേന്ദ്ര സർക്കാർ വിഹിതമായി അനുവദിക്കണം. ഈ വിഹിതം മുടക്കുന്ന സാഹചര്യത്തിൽ, മുഴുവൻ തുകയും പെൻഷൻക്കാർക്ക്‌ അതത്‌ മാസം ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ മുൻകൂറായി പണം അനുവദിക്കുന്നു. കേന്ദ്രവിഹിതം വിതരണം ചെയ്യേണ്ടത്‌ പിഎഫ്‌എംഎസ്‌ (പബ്ലിക്‌ ഫിനാൻസ്‌ മാനേജുമെന്റ്‌ സിസ്‌റ്റം) എന്ന കേന്ദ്ര സർക്കാർ സംവിധാനം വഴിയാണ്‌.

സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുമ്പോൾതന്നെ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ വിഹിതവും പിഎഫ്‌എംഎസിന്റെ കേരളത്തിലെ യുണിറ്റ്‌ അധികൃതർക്ക്‌ കൈമാറുന്നുണ്ട്‌. എന്നാൽ, ഗുണഭോക്താക്കളിൽ വലിയ വിഭാഗത്തിനും ഈ തുക ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ വിഹിതം മാത്രമാണ്‌ ഇവരുടെ അക്കൗണ്ടുകളിൽ എത്തുന്നത്‌.സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ്‌ സംസ്ഥാനം നൽകിയ തുകയും കേന്ദ്രം കൃത്യമായി വിതരണം ചെയ്യാതെ പെൻഷൻകാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി. കേരളം തുക കൈമാറി ആഴ്‌ചകൾ കഴിഞ്ഞാലും പെൻഷൻക്കാർക്ക്‌ അത്‌ എത്തിക്കാൻ പിഎഫ്‌എംഎസ്‌ സംവിധാനത്തിന്‌ കഴിയുന്നില്ല.

എന്നാൽ, സംസ്ഥാന സർക്കാർ ഈ തുക കുറച്ചാണ്‌ പെൻഷൻ വിതരണം ചെയ്യുന്നതെന്ന്‌ പ്രചരിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽനിന്ന്‌ ശ്രമങ്ങളുമുണ്ടാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here