ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ പുറത്ത്; ഫ്രാന്‍സ് സെമിയില്‍

0
64

പോര്‍ച്ചുഗലിന്റെ രക്ഷകന്‍ ഗോള്‍കീപ്പര്‍ ഡിയോഗോ സില്‍വയ്ക്ക് ഇത്തവണ ഒന്നും ചെയ്യാനായില്ല. ഫ്രാന്‍സിന്റെ അഞ്ച് പെനാല്‍റ്റി കിക്കുകളും വലയില്‍ കയറി. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിന്റെ ഒരു കിക്ക് ഗോള്‍പോസ്റ്റില്‍ തട്ടിയതോടെ യൂറോ കപ്പില്‍ അവരുടെ വാതിലടഞ്ഞു. പറങ്കിപ്പടയെ 5-3ന് കീഴടക്കി ഫ്രാന്‍സ് സെമിയിലെത്തി.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്.

120 മിനിറ്റ് കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ തുടങ്ങിയ പ്രമുഖര്‍ അണിനിരന്നിട്ടും മല്‍സരം ഗോള്‍രഹിതമായി തുടരുകയായിരുന്നു. നിരവധി സുവര്‍ണാവസരങ്ങളാണ് ഇരു ടീമുകളും പാഴാക്കിയത്.105ാം മിനിറ്റില്‍ പരിക്ക് കാരണം എംബാപ്പെ പിന്‍വാങ്ങിയിരുന്നു. ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായി ഉസ്മാന്‍ ഡെംബെലെ ആണ് ആദ്യ കിക്കെടുത്തത്. മികച്ച ഷോട്ടിലൂടെ വലകുലുക്കി ഡെംബെലെ ഫ്രാന്‍സിന് മാനസിക മുന്‍തൂക്കം നല്‍കി.

തുടര്‍ന്ന് കിക്കെടുത്ത യൂസ്സൗഫ് ഫൊഫാന, ജൂല്‍സ് കൗണ്ടെ, ബ്രാഡ്‌ലി ബാര്‍ക്കോള, തിയോ ഹെര്‍ണാണ്ടെസ് എന്നിവരും ഡിയോഗോ സില്‍വയ്ക്ക് ഒരവസരവും നല്‍കാതെ കൃത്യമായി പന്ത് ലക്ഷ്യത്തിലെത്തിച്ചു.പോര്‍ച്ചുഗലിനായി ആദ്യ കിക്കെടുത്തത് ക്രിസ്‌റ്റ്യോനോ ആയിരുന്നു. കഴിഞ്ഞ മല്‍സരത്തിനിടെ പെനാല്‍റ്റി പാഴാക്കിയതിനാല്‍ വലിയ സമ്മര്‍ദത്തിലാണ് താരമെത്തിയത്. എന്നാല്‍ ഒന്നാന്തരം പ്ലേസിങിലൂടെ തന്നെ പന്ത് വലയില്‍ കയറി. ബെര്‍ണാഡോ സില്‍വ, നുനോ മെന്‍ഡിസ് എന്നിവരും ഗോള്‍ നേടിയപ്പോള്‍ ജോ ഫെലിക്‌സിന്റെ പെനാല്‍റ്റിയാണ് പോസ്റ്റില്‍ തട്ടി മടങ്ങിയത്.

പ്രീ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിനെ രക്ഷിച്ചത് ഡിയോഗോ ആയിരുന്നു. യൂറോ കപ്പിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് കിക്കുകള്‍ തടുക്കുന്ന ഗോള്‍കീപ്പറെന്ന റെക്കോഡും സ്ലൊവേനിയക്കെതിരേ അദ്ദേഹം നേടിയിരുന്നു. ഇന്ന് മല്‍സരത്തിലുടനീളം ഡിയോഗോ മികച്ച സേവുകളുമായി നിറഞ്ഞുനിന്നെങ്കിലും ഷൂട്ടൗട്ടില്‍ ഭാഗ്യം തുണച്ചില്ല.മല്‍സരത്തിന്റെ തുടക്കത്തില്‍ പോര്‍ച്ചുഗലാണ് കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയത്.

9, 14, 15, 18 മിനിറ്റുകളില്‍ ഫ്രാന്‍സ് കോര്‍ണര്‍ വഴങ്ങിയാണ് പ്രതിരോധിച്ചത്. 15ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് ഫ്രാന്‍സ് രക്ഷപ്പെടുത്തി. 27ാം മിനിറ്റില്‍ എംബാപ്പെയുടെ പാസില്‍ നിന്ന് ഗ്രീസ്മാന്‍ ഷോട്ടുതിര്‍ത്തെങ്കിലും തടയപ്പെട്ടു. ഇരുടീമുകളും മുന്നേറ്റങ്ങള്‍ നെയ്‌തെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.പന്ത് ഇരു ഗോള്‍മുഖത്തും നിരന്തരം കയറിയിറങ്ങിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

പന്തവകാശത്തില്‍ (60%) പോര്‍ച്ചുഗലായിരുന്നു മുന്നില്‍. ഫ്രാന്‍സ് 11 കോര്‍ണറുകള്‍ വഴങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ നാലെണ്ണം മാത്രമാണ് വഴങ്ങിയത്. ഫ്രാന്‍സ് ഗോളിലേക്ക് 20 തവണ പന്ത് പായിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ 15 ഷോട്ടുകളുതിര്‍ത്തു. ഫ്രാന്‍സിന്റെ അഞ്ചും പോര്‍ച്ചുഗലിന്റെ നാലും ഷോട്ടുകള്‍ മാത്രമായിരുന്നു ലക്ഷ്യത്തിലേക്ക് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here