സൗദിയിലെത്താൻ ഇന്ത്യക്കാര്‍ക്ക് പുതിയ വിസകൾ പ്രഖ്യാപിച്ചു;

0
97

റിയാദ് നഗരത്തിൻ്റെ ഊര്‍ജ്ജസ്വലതയും, ജിദ്ദയുടെ സാംസ്കാരിക സമ്പന്നതയും ചെങ്കടലിൽ ഒളിഞ്ഞിരിക്കുന്ന കാഴ്ച്ചകളും അൽ ഉല നഗരത്തിലെ പൗരാണിക വിസ്മയങ്ങളുമെല്ലാം കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ സൗദി അറേബ്യ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. 2030 ആകുന്നതോടെ 7.5 ദശലക്ഷം സന്ദര്‍ശകര്‍ രാജ്യത്തേക്ക് എത്തണമെന്നാണ് സൗദി അറേബ്യയുടെ ലക്ഷ്യം. ഇതിനായി വിഭാവനം ചെയ്ത സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ യാത്രക്കാര്‍ക്കായി പുതിയ കാറ്റഗറി വിസകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ.

ചില പ്രത്യേക മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് സൗദിയുടെ പുതിയ ഇ-വിസ, വിസ ഓൺ അറൈവൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇനി പറയാൻ പോകുന്ന നിബന്ധനകൾ പാലിക്കുന്നില്ലെങ്കിലും വിഷമിക്കേണ്ട, ആ സാഹചര്യത്തിൽ വിസക്കായി തശീൽ സെൻ്ററുകളെ ആശ്രയിക്കാം. യുഎസ്എയിൽ നിന്നോ യുകെയിൽ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും ഷെൻഗെൻ രാജ്യങ്ങളിൽ നിന്നോ സാധുതയുള്ള ടൂറിസ്റ്റ് അല്ലെങ്കിൽ ബിസിനസ് വിസ ഉള്ളവര്‍ക്കാണ് പുതിയ മാറ്റങ്ങൾ പ്രയോജനപ്പെടുക.

എൻട്രി സ്റ്റാമ്പ് ചെയ്ത രേഖകളും കയ്യിലുണ്ടെങ്കിൽ ഇവര്‍ ഇ-വിസ നേടാനുള്ള അര്‍ഹത നേടും.അതുപോലെ തന്നെ മേൽപ്പറഞ്ഞ നിബന്ധനകൾ പാലിക്കുന്ന വ്യക്തികൾക്ക് വിസ ഓൺ അറൈവലിനായി അപേക്ഷിക്കാനും സാധിക്കും. യുഎസ്എ, യുകെ, ഷെൻഗൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പെര്‍മനൻ്റ് റസിഡൻസി, അല്ലെങ്കിൽ ഏതെങ്കിലും ജിസിസി അഥവാ ഗൾഫ് കോര്‍പ്പറേഷൻ കൗൺസിലിൽ ഉൾപ്പെട്ട രാജ്യത്തെ സാധുതയുള്ള റസിഡൻസ് വിസ കയ്യിലുള്ള വ്യക്തികളും ഇ-വിസ നേടാൻ അര്‍ഹരാണ്. ജിസിസി രാജ്യത്തെ റസിഡൻസ് വിസ കയ്യിലുള്ളവര്‍ മറ്റൊരു നിബന്ധനയും പാലിക്കേണ്ടതുണ്ട്.

സൗദി അറേബ്യയിലേക്ക് എൻട്രി ചെയ്യുന്ന ദിവസം മുതൽ ഏറ്റവും ചുരുങ്ങിയത് മൂന്നു മാസത്തെ കാലാവധിയെങ്കിലും ഇവരുടെ ജിസിസി റസിഡൻസ് വിസക്ക് ഉണ്ടായിരിക്കണം.2024 മാര്‍ച്ച് മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി സൗദി അറേബ്യ സ്റ്റോപ്പ് ഓവര്‍ വിസകൾ അനുവദിച്ചിരുന്നു. 96 മണിക്കൂറുകൾ കാലാവധിയുള്ള ഈ സ്റ്റോപ് ഓവര്‍ വിസ സൗദി എയര്‍ലൈൻസ് വെബ്സൈറ്റിൽ നിന്ന് നാമമാത്രമായ നിരക്കിൽ ലഭിക്കും. 90 ദിവസങ്ങൾ വരെ അഡ്വാൻസ് ആയി സ്റ്റോപ്പ് ഓവര്‍ വിസക്കായി അപ്ലൈ ചെയ്യാവുന്നതാണ്.

സ്റോപ്പ് ഓവര്‍ അല്ലെങ്കിൽ ട്രാൻസിറ്റ് വിസ കയ്യിലുള്ളവര്‍ക്ക് ഉംറ ചെയ്യാനും പ്രവാചകൻ്റെ പള്ളി സന്ദര്‍ശിക്കുന്നതിനും വിനോദ സഞ്ചാര പരിപാടികൾ ആസ്വദിക്കുന്നതിനുമായി രാജ്യത്തേക്ക് പ്രവേശിക്കാനാകും. നേരത്തെ പറഞ്ഞ ഇ-വിസ, വിസ ഓൺ അറൈവൽ നേടിയവര്‍ക്കും ഉംറ ചെയ്യാനുള്ള അവസരം ലഭിക്കും. എന്നാൽ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്ന സഞ്ചാരികൾ ഉംറക്ക് അല്ലെങ്കിൽ സിയാറത്തിന് അപ്പോയിൻ്മെൻ്റ് നേടുന്നതിനായി നുസുക്.എസ്എ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here