കര്‍ണാടകയില്‍ അധികാരമാറ്റ തര്‍ക്കം രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടികാഴ്ച്ച നടത്തി. ഡല്‍ഹിയിലെ ഖര്‍ഗെയുടെ വസതിയിലായിരുന്നു കൂടികാഴ്ച്ച.
അധികാരമാറ്റ ചര്‍ച്ചകളുടെ മുനയൊടിക്കാനുള്ള സിദ്ധരാമയ്യ പക്ഷത്തിന്റെ നീക്കങ്ങള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സജീവമായിരുന്നു. ഇതിനിടെ ആയിരുന്നു വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരാനന്ദ സ്വാമി ഡി.കെ ശിവകുമാറിനെ അനുകൂലിച്ച് രംഗത്തുവന്നത്. ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആയിരുന്നു പ്രതികരണം. സാമൂദായിക പിന്തുണ കൂടി ലഭിച്ചതോടെ ഡി.കെ വിഭാഗം കൂടുതല്‍ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
മഠാധിപതിയുടെ ആവശ്യത്തെ തള്ളി സിദ്ധരാമയ്യ പക്ഷത്തെ മന്ത്രിമാര്‍ രംഗത്തുവന്നെങ്കിലും സാമുദായിക അഭിപ്രായങ്ങളെ പൂര്‍ണമായും തള്ളാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല. ഇതിനിടെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയത്. സ്വകാര്യ സന്ദര്‍ശനം മാത്രമാണെന്ന് പറയുമ്പോഴും കൂടിക്കാഴ്ച്ചക്ക് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്.