തമിഴ്നാട് കാബിനറ്റ് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം സ്റ്റേ ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയത്.സെന്തിലിന്റെ കേസില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം ലഭിക്കാത്തത് വരെ മന്ത്രിസഭയില്‍ നിന്ന് പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സെന്തില്‍ ബാലാജിയെ തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് പുറത്താക്കിയ നടപടി ശരിയാണോ അല്ലയോ എന്ന് അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് ഗവര്‍ണര്‍ ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.എജിയുടെ നിയമോപദേശം വരുന്നതുവരെ സെന്തിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കില്ല. അതേസമയം ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി ഇടപെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ തീരുമാനം മാറ്റിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
മുഖ്യമന്ത്രി സ്റ്റാലിനും ഗവര്‍ണര്‍ കത്തയച്ചു
സെന്തിലിനെ പുറത്താക്കാനുള്ള തീരുമാനം മാറ്റിയത് സംബന്ധിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചിട്ടുണ്ട്.ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ട്, അതിനുശേഷം മാത്രമേ തുടര്‍ തീരുമാനമുണ്ടാകൂ.
ജൂണ്‍ 14-ന് ആയിരുന്നു സെന്തില്‍ ബാലാജിയുടെ അറസ്റ്റ്. തുടര്‍ന്ന് വകുപ്പില്ലാതെ അദ്ദേഹത്തെ മന്ത്രിയായി സര്‍ക്കാര്‍ നിലനിര്‍ത്തുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന വകുപ്പുകള്‍ ധനമന്ത്രി തങ്കം തെന്നരസു (വൈദ്യുതി), ഭവന മന്ത്രി മുത്തുസാമി (എക്സൈസ്) എന്നിവര്‍ക്ക് നല്‍കുകയും ചെയ്തു. ജോലിക്കായി പണം കൈപ്പറ്റിയതും കള്ളപ്പണം വെളുപ്പിക്കുന്നതും ഉള്‍പ്പെടെ നിരവധി അഴിമതിക്കേസുകളില്‍ ബാലാജി ഗുരുതരമായ ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ്. മന്ത്രിയെന്ന നിലയിലുള്ള തന്റെ സ്ഥാനം ദുരുപയോഗം ചെയ്തുകൊണ്ട് അന്വേഷണത്തെ സ്വാധീനിക്കുകയും നിയമത്തിന്റെയും നീതിയുടെയും നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്.
നേരത്തെ മന്ത്രിയെ പിരിച്ചുവിട്ട ഗവര്‍ണറുടെ നാടകീയമായ നടപടിയോട് മുഖ്യമന്ത്രി സ്റ്റാലിന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഒരു മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഡിഎംകെ സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി വെല്ലുവിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെ സര്‍ക്കാരും ഗവര്‍ണറുടെ ഓഫീസും തമ്മിലുള്ള ബന്ധം മാസങ്ങളായി പിരിമുറുക്കത്തില്‍ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.