നിരവധി യാത്രക്കാരുള്ള ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്നും പുതിയ വിമാനസർവീസുമായി എയർ ഇന്ത്യ. ജൂലൈ ഒന്നാം തീയതി മുതൽ പുതിയ സർവീസ് ആരംഭിക്കും. എല്ലാ ദിവസവും വിമാനം ഇരു നഗരങ്ങളിലേക്കും സർവീസ് നടത്തും. വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുള്ള റൂട്ടിലെ പുതിയ സർവീസ് ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് എയർ ഇന്ത്യ.ബെംഗളൂരുവിൽ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് സർവീസ് ആരംഭിക്കുന്ന വിമാനം (AI 567) വൈകുന്നേരം 4.15ന് തിരുവനന്തപുരത്ത് എത്തും.
തിരുവനന്തപുരത്ത് നിന്നും വൈകുന്നേരം 4.55നാണ് വിമാനം (AI 568) ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിക്കുക. വിമാനം 6.10ന് ബെംഗളൂരുവിലെത്തും.ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികൾ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. ഇതിനിടെയാണ് പുതിയ സർവീസുമായി എയർ ഇന്ത്യ എത്തുന്നത്.
ജൂലൈ ഒന്നുമുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ വർധന നിലവിൽ വരും. ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകേണ്ടതുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് മുൻപ് 506 രൂപയും വിദേശ യാത്രികർക്ക് 1069 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. ഈ തുകയിലാണ് മാറ്റം വരുന്നത്.വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നതിന് ഇനി നൽകണം. വിമാനങ്ങളുടെ ലാൻഡിങ് ചാർജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വർധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. വിമാനക്കമ്പനികൾക്ക് 2200 രൂപ ഇന്ധന സർചാർജും ഏർപ്പെടുത്തിയിട്ടുണ്ട്.