തൊടുപുഴ: രാജമല മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഇതിനോടകം 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാർ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാജമല പെട്ടിമുടിയിലാണ് വലിയ തോതിൽ മണ്ണിടിഞ്ഞത്. ജില്ല ഭരണക്കൂടുത്തിന്റെ കണക്ക് പ്രകാരം 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.അഗ്നിശമനസേനയും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. എൻഡിആർഎഫിന്റെ സംഘവും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
ഇന്നു പുലർച്ചെയാണ് മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ മണ്ണിടിഞ്ഞത്. ഇവിടെ മൂന്നു ലയങ്ങളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.മണ്ണിടിച്ചിൽ ഉണ്ടായ രാജമല മേഖലയിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ അപകടമുണ്ടായ വിവരം പുറം ലോകത്തെത്താനും വൈകി.