തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി എടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയാണ് സോബി മൊഴി നൽകുക. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സംശയകരമായി ചിലരെ കണ്ടിരുന്നുവെന്ന് സോബി നേരത്തെ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് സോബിയുടെ മൊഴി എടുക്കുന്നത്.
സിബിഐ സംഘം കഴിഞ്ഞ ദിവസങ്ങളിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അച്ഛൻ കെ സി ഉണ്ണിയുടെയും മൊഴിയെടുത്തിരുന്നു.കഴിഞ്ഞ ദിവസമാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.
ബാലഭാസ്‌ക്കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത് അച്ഛൻ കെസി ഉണ്ണിയായിരുന്നു. മരണം സംഭവിച്ച് മാസങ്ങൾക്ക് ശേഷം മാനേജർ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരം അടക്കമുള്ള സുഹൃത്തുക്കൾ സ്വർണക്കടത്ത് കേസിൽ പിടിയിലായിരുന്നു. ഇതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് സംശയങ്ങൾ ശക്തമായത്. തുടർന്ന് ബാലഭാസ്‌കറിന്റെ കുടുംബം അപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുകയായിരുന്നു.