ഇടുക്കി: ഏലപ്പാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാർട്ടിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ട കാർ ഒഴുകിപ്പോയാണ് മാർട്ടിനെ കാണാതായത്. അതേസമയം അനീഷ് എന്ന യുവാവിനായുള്ള തെരച്ചിൽ തുടരുകയാണ്.
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ് . മുന്നാറിലെ പെട്ടിമുടിയിൽ മണ്ണിടിച്ചിലുണ്ടായി നിരവധിപേരെ കാണാതായി. പീരുമേട്ടിൽ മൂന്നിടത്ത് ഉരുൾപൊട്ടിയതായാണ് വിവരം. മേലെ ചിന്നാറിലും ഉരുൾപൊട്ടലുണ്ടായി. പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിൽ നിരവധി ഇടങ്ങളിൽ വെള്ളം കയറി. അപകട സാധ്യതയുള്ള ഇടങ്ങളിലെ ആളുകളെ മാറ്റിപാർപ്പിച്ചു. ജലനിരപ്പ് ഉയർന്നതോടെ നെടുങ്കണ്ടം കല്ലാർ ഡാം തുറന്നു. മേലേചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
കേരളത്തിൽ കനത്ത മഴ ആരംഭിച്ചതോടെ നദീതീരങ്ങളിൽ കനത്ത ജാഗ്രതാ നിർദേശമുണ്ട്. ഭൂതത്താൻകെട്ട് ഡാം തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങൾ വെള്ളത്തിലായി. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പുയർന്നു. ഇടുക്കി അണക്കെട്ടിൽ 2,349.54 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 127.4 അടിയായി. പൊൻമുടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെമി ഉയർത്തി.സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു.