തിരുവനന്തപുരം: ട്രഷറി തട്ടിപ്പുകേസ് പ്രതി ബിജുലാലിന് താന്‍ പാസ് വേഡ് പറഞ്ഞു കൊടുത്തിട്ടില്ലെന്ന് വഞ്ചിയൂര്‍ സബ് ട്രഷറി ഓഫിസറായിരുന്ന വി.ഭാസ്കര്‍. അതിനുള്ള സാഹചര്യമുണ്ടായിട്ടില്ലെന്നും വി.ഭാസ്കര്‍ പറഞ്ഞു. സബ് ട്രഷറി ഓഫിസര്‍ പറഞ്ഞു തന്ന ലോഗിനും പാസ് വേഡും ഉപയോഗിച്ചാണ് താന്‍ രണ്ടുകോടി രൂപ തട്ടിയെടുത്തതെന്നായിരുന്നു പൊലീസിന് ബിജുലാല്‍ നല്‍കിയ മൊഴി.
വഞ്ചിയൂര്‍ സബ് ട്രഷറി ഓഫിസറുടെ ലോഗിനും പാസ് വേഡും ഉപയോഗിച്ചാണ് സീനിയര്‍ അക്കൗണ്ടന്റായിരുന്ന ബിജുലാല്‍ ആദ്യം 74 ലക്ഷം രൂപയും പിന്നീട് രണ്ടുകോടി രൂപയും തട്ടിയെടുത്തത്. പണം മാറ്റുന്നതിനുള്ള ബില്ല് ബിജുലാലിന് തയ്യാറാക്കാമെങ്കിലും അത് പാസാക്കേണ്ടത് സബ്ട്രഷറി ഓഫിസറാണ്. അതിന് പ്രത്യേകം ലോഗിനും പാസ് വേഡും ഉണ്ട്. സബ് ട്രഷറി ഓഫിസര്‍ വീട്ടിലേക്ക് നേരത്തെ പോയ ദിവസം അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി തന്നെ ഫോണ്‍ വിളിച്ച് ഈ ലോഗിനും പാസ് വേഡും പറഞ്ഞുതന്നെന്നും അത് രേഖപ്പെടുത്തിവച്ച് പീന്നീട് പണം തട്ടുകയായിരുന്നെന്നുമാണ് ബിജുലാല്‍ പൊലീസിന് നൽകിയ മൊഴി. എന്നാല്‍ ഈ മൊഴി ഭാസ്കര്‍ പൂര്‍ണമായി നിഷേധിക്കുന്നു.
മേയ് 31നാണ് ഭാസ്കര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഏപ്രില്‍ 15 മുതല്‍ താന്‍ ദീര്‍ഘ അവധിയിലായിരുന്നെന്നും ഭാസ്കര്‍ പറഞ്ഞു. ഭാസ്കര്‍ അവധിയെടുത്ത് എട്ടു ദിവസത്തിനുശേഷമാണ് ബിജുലാല്‍ ട്രഷറിയില്‍ നിന്ന് പണം തട്ടിയെടുത്ത് തുടങ്ങിയത്. മേയ് 18 വരെയുള്ള ദിവസം കൊണ്ട് 74 ലക്ഷം രൂപ തട്ടിയെടുത്തു. തുടര്‍ന്ന് ജൂലൈ 27ന് കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടുകോടി തട്ടിയെടുത്തപ്പോഴാണ് പിടി വീണത്.