രണ്ടുവർഷത്തിന് ശേഷം പൂരാവേശം; പൂരപ്പറമ്പിൽ കണ്ടുമുട്ടി മേളപ്രമാണിമാർ

0
42

തൃശ്ശൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും തൃശ്ശൂർ പൂരം നടക്കുന്നതിന്റെ ആവേശത്തിലാണ് മേളപ്രമാണിമാർ. മേളപ്രമാണിമാരായ പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, പഞ്ചവാദ്യപ്രമാണിമാരായ പരയ്ക്കാട് തങ്കപ്പൻ മാരാർ, കോങ്ങാട് മധു എന്നിവരാണ് പൂരം മുറുകുന്നതിനിടെ കണ്ടുമുട്ടിയത്. വേദിയായത് പൂരം പൂക്കുന്ന വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനവും. യുവസംസ്കാരയുടെ നേതൃത്വത്തിൽ നടന്ന ആദരിക്കൽച്ചടങ്ങാണ് അവസരം ഒരുക്കിയത്.

കലയിൽ വിഭാഗീയതയില്ലെന്ന് എല്ലാവരും ആശങ്കകളില്ലാതെ വ്യക്തമാക്കി. എല്ലാവരും തമ്മിലുള്ള സൗഹൃദം ശക്തമാണെന്നും ഇവർ പറഞ്ഞു. യഥാർത്ഥത്തിൽ മത്സരമല്ല നടക്കുന്നതെന്നും കലയോടുള്ള ആവേശമാണെന്നുമാണ് മേളപ്രമാണിമാരുടെ പക്ഷം.

പൂരത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു. തിരുവമ്പാടി സെക്രട്ടറി സി. വിജയൻ, പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി വെടിക്കെട്ടിന് നേതൃത്വം നൽകുന്ന ഷീന സുരേഷ്, ആനപ്പാപ്പാൻ സുമേഷ്, ചമയകലാകാരന്മാരായ വസന്തൻ, പുരുഷോത്തമൻ, ആലവട്ടം ഒരുക്കുന്ന മുരളീധരൻ, സുജിത്ത്, പന്തലുകൾ ഒരുക്കുന്ന യൂസഫ്, സെയ്തലവി, തീവെട്ടിയൊരുക്കുന്ന എം.എസ്. ഭരതൻ, രംഗനാഥൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു. പൂരം പോലുള്ളവയുടെ നേതൃനിരയിലേക്ക് സ്ത്രീകൾ കടന്നുവരുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരുന്നു. പി. ബാലചന്ദ്രൻ എം.എൽ.എ., കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, യുവസംസ്കാര ജനറൽ സെക്രട്ടറി കെ. കേശവദാസ് എന്നിവർ പ്രസംഗിച്ചു. യുവസംസ്കാര ഭാരവാഹികളായ ലൂസിഫർ, ഐ. മനീഷ്കുമാർ, ജയദേവൻ, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here