തിരുവനന്തപുരം: മാധ്യമപ്രവർത്തകനായിരുന്ന കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിസ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്നാവശ്യപ്പെട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹർജി നൽകി.
പോലീസ് കോടതിയിൽ ഹാജരാക്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിൽ ഒരിടത്തും തന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി പറയുന്നില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതിനാൽ, മദ്യപിച്ച് വാഹനമോടിച്ചു എന്നത് നിലനിൽക്കില്ലെന്നാണ് ശ്രീറാമിന്റെ വാദം. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽകുമാറാണ് കേസ് പരിഗണിക്കുന്നത്.
ശ്രീറാമിനുവേണ്ടി അഭിഭാഷകൻ വാദം തുടങ്ങിയപ്പോൾതന്നെ സർക്കാർഭാഗംകൂടി കേട്ടിട്ടേ ഹർജിയിൽ തീരുമാനമെടുക്കാനാകൂ എന്ന് ജഡ്ജി വ്യക്തമാക്കി. തുടർന്ന് സർക്കാർ വാദം കേൾക്കുന്നതിനായി കേസ് അടുത്തമാസം 14-ലേക്ക് മാറ്റിവെച്ചു.
2019 ഓഗസ്റ്റ് മൂന്ന് പുലർച്ചെ മ്യൂസിയം-വെള്ളയമ്പലം റോഡിൽ നടന്ന അപകടത്തിലാണ് സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീർ മരിച്ചത്. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ അമിതമായി മദ്യപിച്ചശേഷം അതിവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്നാണ് പോലീസ് കേസ്.