168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് പാതിവഴിയിൽ വീണു. 28 റൺസിനായിരുന്നു അവരുടെ തോൽവി. ബാറ്റർമാർ ബാലപാഠം പോലും മറന്നപ്പോൾ ജയം പഞ്ചാബിന് ഒരുപാട് അകലെയായി.
രണ്ടാം ഇന്നിംഗ്‌സിൽ താരതമ്യേന കുറഞ്ഞ സ്‌കോർ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് പക്ഷേ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഓപ്പണർ പ്രഭ്സിമ്രാൻ തിളങ്ങിയെങ്കിലും ടോപ് ഓർഡറിൽ മറ്റാരും വേണ്ടത്ര പിന്തുണ നൽകാതെ വന്നതാണ് തിരിച്ചടിയായത്. തുടക്കത്തിൽ തന്ന പഞ്ചാബ് ബാറ്റർമാരെ വീഴ്ത്തിയ ചെന്നൈ കളിയിൽ അവർക്ക് ഒരുഘട്ടത്തിലും മേൽക്കൈ ഇല്ലെന്ന് ഉറപ്പാക്കുകയായിരുന്നു.
ജോണി ബെയർസ്‌റ്റോയും റിലീ റുസോയും ഒക്കെ ദയനീയമായ പരാജയപ്പെട്ടു. ആരെയും നിലയുറപ്പിക്കാൻ ചെന്നൈ ബൗളർമാർ അനുവദിച്ചില്ല. പ്രഭ്സിമ്രാൻ 23 പന്തിൽ 30 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായി. പിന്നീട് അൽപ്പമെങ്കിലും പിടിച്ചു നിന്നത് ഈ ഐപിഎല്ലിന്റെ കണ്ടെത്തലായി ശശാങ്ക് സിംഗ് ആണ്. താരം 20 പന്തിൽ 27 റൺസ് നേടിയെങ്കിലും ഒടുവിൽ കീഴടങ്ങി. പിന്നീട് പഞ്ചാബ് നിരയിൽ ആർക്കും കാര്യമായ സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല.
ചെന്നൈക്ക് വേണ്ടി സ്‌പിന്നർമാർ തന്നെയാണ് തുടക്കത്തിലേ നാശം വിതച്ചത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മുൻപന്തിയിൽ എത്തി. ഇമ്പാക്റ്റ് പ്ലെയർ ആയി വന്ന സിമാർജിത് സിംഗ് രണ്ട് വിക്കറ്റുകൾ നേടി. തുഷാർ ദേശ്‌പാണ്ടെയും രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി.