ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തി മുന്‍ കസാഖ് മന്ത്രി.

0
83

ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തി മുന്‍ കസാഖ് മന്ത്രി. കസാഖിസ്ഥാനിലെ മുന്‍ ധനകാര്യമന്ത്രി കുവാന്‍ഡിക് ബിഷിംബായേവ് 31-കാരിയായ ഭാര്യ സാള്‍ട്ടാനത്ത് നുകെനോവയെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ വിചാരണ തുടങ്ങിയതോടെ സംഭവം രാജ്യത്ത് ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. നീതിയുക്തവും തുല്യത നിറഞ്ഞതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുമെന്ന പ്രസിഡന്റ് കാസിം-ജോമാര്‍ട്ട് ടോകയേവിന്റെ വാഗ്ദാനത്തിന്മേലുള്ള അഗ്നിപരീക്ഷണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. കുവാന്‍ഡിക് ബിഷിംബായേവിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റസ്റ്റൊറന്റില്‍ കഴിഞ്ഞ നവംബറിലാണ് സാള്‍ട്ടാനത്ത് നുകെനോവയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ ഒരു രാത്രിയും പകലും ഈ റെസ്റ്റൊറന്റില്‍ ചെലവഴിച്ചിരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഇവര്‍ അബോധാവസ്ഥയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 44 കാരനായ കുവാന്‍ഡിക് ഭാര്യയെ മര്‍ദിക്കുന്ന എട്ട് മണിക്കൂര്‍ നീളുന്ന വീഡിയോ വിചാരണയ്ക്കിടെ കോടതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റൊറന്റില്‍വെച്ച് ഭാര്യയെ ഇയാള്‍ ആവര്‍ത്തിച്ച് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു റൂമിലേക്ക് ഭാര്യയെ ഇയാള്‍ മുടിയില്‍ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതും കാണാം.

ടോയ്‌ലറ്റിനുള്ളില്‍ ഒളിച്ചിരുന്ന് രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും കുവാന്‍ഡിക് ടോയ്‌ലറ്റിന്റെ വാതില്‍ പൊളിച്ച് ഭാര്യയെ പുറത്തേക്ക് വലിച്ചിട്ട് മര്‍ദിച്ചതായി വിചാരണക്കിടെ പ്രോസിക്യൂട്ടര്‍ പറഞ്ഞു. ‘‘ടോയ്‌ലറ്റില്‍ നിന്ന് വലിച്ചിറക്കിയ ശേഷം കുവാന്‍ഡിക് ഭാര്യയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അപ്പോഴാണ് അവര്‍ക്ക് ബോധം നഷ്ടപ്പെട്ടത്,’’ പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഭാര്യ രക്തത്തില്‍ കുളിച്ച് തറയില്‍ ബോധരഹിതയായി കിടക്കുമ്പോള്‍ കുവാന്‍ഡിക് ജ്യോതിഷിയെ വിളിച്ചു. ഭാര്യ സുഖമായിരിക്കുമെന്ന് ജ്യോതിഷി കുവാന്‍ഡിക്കിന് ഉറപ്പു നല്‍കി. 12 മണിക്കൂര്‍ വൈകിയാണ് ആംബുലന്‍സ് റെസ്റ്റോറന്റില്‍ എത്തിയത്. എന്നാല്‍, അപ്പോഴേക്കും അവര്‍ മരിച്ചിരുന്നതായി മെഡിക്കല്‍ സ്റ്റാഫ് അറിയിച്ചു. മസ്തിഷ്‌കാഘാതം മൂലമാണ് സാള്‍ട്ടാനത്ത് മരിച്ചതെന്ന് കണ്ടെത്തി. മൂക്കിലെ എല്ലുകളിലൊന്ന് പൊട്ടുകയും മുഖത്തും തലയിലും കൈകളിലും ചതവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കുറ്റമാണ് കുവാന്‍ഡിക്കിനെതിരേ ചുമത്തിയിരിക്കുന്നത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കൊലപാതകത്തിന്റെ വിചാരണ സോഷ്യല്‍ മീഡിയയില്‍ ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഇത് പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയും ലിംഗസമത്വത്തെക്കുറിച്ചും ഗാര്‍ഹികപീഡനത്തെക്കുറിച്ചും രാജ്യത്താകെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.
2017-ല്‍ ഒരു കൈക്കൂലി കേസുമായി ബന്ധപ്പെട്ട് കുവാന്‍ഡിക്കിനെ അറസ്റ്റ് ചെയ്യുകയും പത്ത് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇയാള്‍ ജയില്‍ മോചിതനായി. സമാനമായ രീതിയില്‍ ഭാര്യയെ മര്‍ദിച്ചുകൊന്ന കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടാലും എങ്ങനെയെങ്കിലും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആളുകള്‍ ഭയപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here