ആഗ്ര: താജ്മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തെ തുടര്‍ന്ന് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു.
‘ചരിത്രപരമായ തെളിവുകള്‍’ ഉള്ളതിനാല്‍ താജ്മഹലിന്റെ പേര് മാറ്റി തേജോ മഹാലയ എന്നാക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോര്‍ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. താജ്ഗഞ്ച് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് ശോഭ.
ശവകുടീരത്തെ എങ്ങനെയാണ് മഹല്‍(കൊട്ടാരം) എന്നു വിളിക്കാന്‍ കഴിയുക. താജ് മഹല്‍ നില്‍ക്കുന്ന സ്ഥലം രാജാ ജയ് സിങിന്റെ ഭരണപ്രദേശമായിരുന്നു. കൂടാതെ ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പത്‌നിയുടെ പേര് ചരിത്രത്തില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍ജുമന്ദ് ബാനോ എന്നാണ് പേരെന്നും മുംതാസ് അല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ ഒരു ഹൈന്ദവ ക്ഷേത്രമാണെന്നും മുഗള്‍ അധികാരികള്‍ അതിനെ കയ്യേറുകയായിരുന്നെന്ന് ചരിത്രകാരനായ പി എന്‍ ഓക് തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ടെന്നും ശോഭാ ഹര്‍ജിയില്‍ വാദിക്കുന്നു.
ആഗ്ര മേയര്‍ നവീന്‍ ജെയ്‌ന്റെ നേതൃത്വത്തിലുള്ള ആഗ്ര നഗര്‍ നിഗം ബെഞ്ച് ആവശ്യം തള്ളിയതോടെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍, ബിഎസ്പി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ത്തു. ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തന്നെ ഹര്‍ജി തള്ളിയിരുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ അലഹബാദ് ഹൈക്കോടതിയില്‍ താജ് മഹല്‍ ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണെന്ന് അവകാശപ്പെടുന്ന ഹര്‍ജി വന്നിരുന്നു.
കോടതിയെ പരിഹസിക്കരുതെന്നായിരുന്നു ഇതിന് മറുപടിയായി പറഞ്ഞത്. മുഗൾ ചക്രവർത്തി ഷാജഹാൻ പത്‌നി മുംതാസ് മഹലിന്റെ ഓർമയ്ക്കായി പണി കഴിപ്പിച്ച താജ്മഹലിന്റെ പേരു മാറ്റണമെന്നത് വിവിധ ഹൈന്ദവ സംഘടനകളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. ശിവലിംഗ പ്രതിഷ്ഠയുള്ള തേജോ മഹാലയ എന്ന ക്ഷേത്രം തകർത്താണ് ഷാജഹാൻ ശവകുടീരം പണി കഴിപ്പിച്ചത് എന്നാണ് സംഘടനകളുടെ വാദം.