ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കായി ഒരു സന്തോഷവാർത്തയുമായി എത്തിയിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. ദീർഘദൂര ട്രെയിനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. അടുത്തിടെ IRCTCയും Swiggyയും തമ്മില്‍ ഭക്ഷണ വിതരണത്തിനായി കൈകോര്‍ത്തതിന് പിന്നാലെ പുതിയ പരിഷക്കാരങ്ങള്‍ നടപ്പാക്കുകയാണ് റെയില്‍വേ.
പുതിയ സംവിധാനത്തിന് കീഴിൽ, ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാര്‍ക്ക് മികച്ച ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. അതനുസരിച്ച് വിവിധ റൂട്ടുകളിലുള്ള ദീര്‍ഘദൂര ട്രെയിനുകളിൽ പാൻട്രികാറുകള്‍ പ്രവർത്തിപ്പിക്കുന്നതിനുള്ള ചുമതല ഏജൻസികളെ ഏൽപ്പിക്കും.
ട്രെയിനുകളില്‍ നടപ്പാക്കാന്‍ പദ്ധതിയിടുന്ന ഈ പ്രധാന മാറ്റത്തിന് റെയിൽവേ ബോർഡ് അംഗീകാരം നല്‍കി. പുതിയ നിയമം നിലവില്‍ വരുന്നതോടെ ജൂൺ മാസത്തിന് ശേഷം തീവണ്ടികളിലെ പാൻട്രി കാറുകളിൽ യാത്രക്കാർക്കായി പ്രഭാതഭക്ഷണമോ മറ്റ് ഭക്ഷണങ്ങളോ തയ്യാറാക്കില്ല. പാൻട്രി കാറിൽ വെള്ളം ചൂടാക്കുക, ചായ, കാപ്പി മുതലായ അത്യാവശ്യമുള്ളവ മാത്രം തയ്യാറാക്കും. റെയിൽവേ സ്റ്റേഷനുകളിലുള്ള ഐആർസിടിസി ബേസ് അടുക്കളകളും നിര്‍ത്തലാക്കും.
IRCTC നടപ്പാക്കുന്ന പുതിയ സംവിധാനത്തില്‍ ഗുണമേന്മയുള്ള ഭക്ഷണം യാത്രക്കാര്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിന്‍റെ ഭാഗമായി പാൻട്രികാർ പ്രവർത്തിപ്പിക്കുന്നതിനുള്ള ചുമതല വിവിധ ഏജൻസികൾക്ക് നൽകും. ഒരേ റൂട്ടിൽ അഞ്ച് മുതൽ ഏഴ് വരെ ട്രെയിനുകളുടെ ചുമതല ഈ ഏജൻസികള്‍ക്ക് ലഭിക്കും. ഒരു റൂട്ടിന്‍റെ ചുമതല ഏത് ഏജൻസിക്ക് ലഭിച്ചാലും റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങള്‍ക്ക് അനുസരിച്ച് വേണം പ്രവര്‍ത്തിക്കേണ്ടത്. അതായത്, ഏജന്‍സി സ്റ്റേഷന് സമീപത്തായി സ്വന്തമായി അടുക്കള ഒരുക്കണം. ഇവിടെ നിന്നാണ് തീവണ്ടികളിൽ ഭക്ഷണവും ലഘുഭക്ഷണവും തയ്യാറാക്കി വിതരണം ചെയ്യേണ്ടത്.
നോർത്ത് ഈസ്റ്റേൺ റെയിൽവേയെ പ്രതിനിധീകരിച്ച് 80 ട്രെയിനുകളുടെ പാൻട്രി കാറുകൾ ഒരു ക്ലസ്റ്ററായി പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി വിവിധ ഏജൻസികളിൽ നിന്ന് നിശ്ചിത തീയതി വരെ ടെൻഡർ ക്ഷണിച്ചിരിയ്ക്കുകയാണ്. കേറ്ററിംഗ് രംഗത്ത് അനുഭവപരിചയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏജൻസിയെ തിരഞ്ഞെടുക്കുക. ഏജൻസിയുടെ പ്രവർത്തനങ്ങളും സമയാസമയങ്ങളിൽ പരിശോധിക്കും. ഏജന്‍സി ആരംഭിക്കുന്ന അടുക്കളയും സമയാസമയങ്ങളിൽ അപ്രതീക്ഷിത പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ ഭക്ഷണസാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും. അടുക്കളയുടെ ശുചിത്വം, ഭക്ഷണത്തിന്‍റെ ഗുണമേന്മ എന്നിവ നിരന്തരം അധികൃതര്‍ വിലയിരുത്തും.
റെയിൽവേ ബോർഡിന്‍റെ ഉത്തരവിന് ശേഷം ജൂലായ് മുതൽ തീവണ്ടികളിലെ കാറ്ററിംഗ് സംവിധാനത്തിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ട്.