ചരിത്രശേഷിപ്പായി മിതിർമലയിലെ വഴിയമ്പലം.

0
43

രാജകീയ പ്രൗഢിയും പാരമ്പര്യം ഉള്ള തിരുവനന്തപുരത്ത് ചരിത്ര ശേഷിപ്പുകൾക്ക് ഒരു പഞ്ഞവുമില്ല, പലതും നശിച്ചുപോയെങ്കിലും പഴമയുടെ ചരിതം പറയാൻ ഇപ്പോഴും ചിലത് ബാക്കി നിൽപ്പുണ്ട്, വളരെ വിരളമായെങ്കിലും ചില ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിൽ ഇന്നും അവ ഉപയോഗിച്ച് വരുന്നു. അത്തരത്തിൽ പോയ കാല ചരിത്രം പേറുന്ന ഒന്നാണ് മലയോര ഗ്രാമപ്രദേശമായ മിതിർമലയിലെ വഴിയമ്പലം. കല്ലറയിൽ നിന്നും വെറും അഞ്ചു കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മിതിർമല എന്ന ഗ്രാമത്തിൽ എത്താം. പോയ കാലത്തിന്റെ സ്മരണകൾ ഉയർത്തി നിലനിൽക്കുന്ന ഒരു വഴിയമ്പലമാണ് ഈ ഗ്രാമത്തിന്റെ മുഖമുദ്ര. വയലുകളും മലകളും നിറഞ്ഞ ഈ ഗ്രാമത്തിന്റെ അടയാളമായി മാറുന്നതും മിതിർമല ജംഗ്ഷനിൽ ഉള്ള വഴിയമ്പലമാണ്.

പഴയ കാലത്ത് കേരളത്തിലെ ഗ്രാമവഴികളിൽ യാത്രികർക്ക് വിശ്രമിക്കാനും ക്ഷീണമകറ്റാനുമായി ഒരുക്കിയിരുന്ന വിശ്രമകേന്ദ്രങ്ങളാണ് വഴിയമ്പലങ്ങൾ. വഴിയമ്പലങ്ങളിലും യാത്രികർക്ക് ദാഹമകറ്റുന്നതിനും, ചുമട് ഇറക്കിവെക്കുന്നതിനും, കന്നുകാലികൾക്ക് വെള്ളം നൽകുന്നതിനുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിനായി പൊതുകിണറും, ചുമടുതാങ്ങിയും, കൽത്തൊട്ടിയും വഴിയമ്പലങ്ങളോട് അനുബന്ധമായി സജ്ജീകരിച്ചിരുന്നു. വഴിയമ്പലങ്ങളിൽ വേനൽക്കാലത്ത് സൗജന്യമായി സംഭാര വിതരണവും വെറ്റിലയും യും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു.
വലിയ കരിങ്കൽ പാളിയിൽ കുഴികൾ നിർമ്മിച്ചാണ് വെറ്റിലയും പാക്കും ഇടിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിരുന്നത് . നാല് കൽത്തൂണുകളിൽ ഉയർന്നു നിൽക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര
ഒറ്റമകുടത്തിൽ ഉറപ്പിച്ചിരിക്കുന്ന രീതിയിലാണ് വഴിയമ്പലത്തിന്റെ നിർമ്മാണം. നിലവിൽ മിതിർമലയിലെ വഴിയമ്പലം ബസ് കാത്തിരിപ്പ് കേന്ദ്രമായാണ് ഉപയോഗിക്കുന്നത്. പോയ കാലത്തിന്റെ സ്മരണകൾ പേറുന്ന ഈ വഴിയമ്പലം പണ്ട് കാലത്തെ പ്രധാന വ്യാപാര കേന്ദ്രമായ കല്ലറ ചന്തയിലേക്കുള്ള യാത്രയ്ക്കിടെ പലർക്കും തണലേകിയ ഒരിടം കൂടിയാണ്. കേരളത്തിലെ ശേഷിക്കുന്ന ചുരുക്കം ചില വഴിയമ്പലങ്ങളിൽ ഒന്നുകൂടിയാണ് മിതിർമലയിലേത്.

LEAVE A REPLY

Please enter your comment!
Please enter your name here