ചെന്നൈ: ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ അല്ലെങ്കില്‍ പണം നല്‍കി കളിക്കാനാവുന്ന എല്ലാ തരത്തിലുള്ള ഗെയിമുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്. ഇത്തരം ഗെയിമുകള്‍ കളിക്കുന്നത് തമിഴ്നാട്ടില്‍ നിയമവിരുദ്ധമാണ്. ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇത്തരം ഗെയിമുകള്‍ നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഒപ്പുവച്ചതിന് പിന്നാലെയാണിത്. ഓര്‍ഡിനന്‍സ് അനുസരിച്ച്, ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ ഗെയിമിംഗ് അതോറിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഫയല്‍ ലഭിച്ച ഒക്ടോബര്‍ ഒന്നിന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയതായി രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടവും ആത്മഹത്യയും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയത്.