ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘം വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ കേജ്‌രിവാളിന്‍റെ വസതിയിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിലും സംഘം തിരച്ചിൽ നടത്തിയിരുന്നു. ശേഷം ഏകദേശം രാത്രി 9:30 ഓടെ അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെയാണ് ഏജന്‍സി ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്.അതേസമയം, കേജ്‌രിവാളിന്‍റെ അറസ്റ്റ് ആളുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണമാണ് ഉളവാക്കുന്നത്. ഭരണപക്ഷവും പ്രതിക്ഷവും സ്വന്തം നിലപടുകള്‍ വെളിപ്പെടുത്തുന്നു. ഈ അവസരത്തില്‍ രണ്ട് പേരുടെ പ്രതികരണം ദേശീയ ശ്രദ്ധ നേടുകയാണ്. അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ കേജ്‌രിവാളിനൊപ്പം വേദി പങ്കിട്ട കുമാര്‍ വിശ്വാസിന്‍റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
ലോക്പാല്‍ നടപ്പാക്കുന്നതിനായും രാജ്യത്ത് നടക്കുന്ന അഴിമതിയ്ക്കെതിരെയും അണ്ണാ ഹസാരെ ആരംഭിച്ച പ്രതിക്ഷേധങ്ങളില്‍ അരവിന്ദ് കേജ്‌രിവാളും കുമാര്‍ വിശ്വാസും പങ്കെടുത്തിരുന്നു.ആ വേദിയിലെ മറ്റൊരു പ്രധാനിയായ മനീഷ് സിസോദിയ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുകയാണ്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ കുമാർ വിശ്വാസ് എക്‌സിൽ തന്‍റെ പ്രതികരണം അറിയിച്ചു.
തുളസീദാസിന്‍റെ രാമചരിത മാനസത്തില്‍ നിന്നുള്ള വരികളാണ് അദ്ദേഹം കുറിച്ചത്. कर्म प्रधान विश्व रचि राखा ।
जो जस करहि सो तस फल चाखा ॥ അതായത്, ഈ ലോകം ഒരു വ്യക്തിയുടെ കർമ്മത്തെ ചുറ്റിപ്പറ്റിയാണ്, ഒരു വ്യക്തി ചെയ്യുന്ന ഏതൊരു പ്രവൃത്തിക്കും സമാനമായ ഫലം അവന് ലഭിക്കുന്നു, കാരണം മനുഷ്യന്‍റെ ജീവിതം അവന്‍റെ പ്രവൃത്തികളാൽ മാത്രം നിർണ്ണയിക്കപ്പെടുന്നു, കുമാര്‍ വിശ്വാസ് കുറിച്ചു.
ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു കുമാർ വിശ്വാസ്, കേജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം പാർട്ടി വിട്ടിരുന്നു.
“കര്‍മ്മഫലം” എന്നാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ കേജ്‌രിവാളിന്‍റെ അറസ്റ്റില്‍ പ്രതികരിച്ചത്. അണ്ണാ ഹസാരെയില്‍ നിന്നും അകന്ന് കേജ്‌രിവാള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് ഹസാരെയുടെ ആശയങ്ങള്‍ക്ക് എതിരായിരുന്നു. അതിനാല്‍ തന്നെ കേജ്‌രിവാളിന്‍റെ രാഷ്ട്രീയ നീക്കങ്ങളില്‍ അദ്ദേഹം പലപ്പോഴും നീരസം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, കേജ്‌രിവാളിന്‍റെ അറസ്റ്റ് റദ്ദാക്കാൻ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ 9 സമൻസ് അയച്ചതിന് ശേഷമാണ് ഇഡി മുഖ്യമന്ത്രി കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ED സമന്‍സ് നിയമവിരുദ്ധമാണ് എന്ന വാദം ഉന്നയിച്ച് ഓരോ തവണയും അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കേജ്‌രിവാള്‍ വിസമ്മതിച്ചിരുന്നു. 9 സമന്‍സ് അയച്ചിട്ടും എത്താത്ത സാഹചര്യത്തില്‍ ED സംഘം സ്വയം മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തുകയായിരുന്നു…..!!