കുണ്ടറ: താലൂക്കാശുപത്രിയില്‍ 11 ഡയാലിസിസ് യൂനിറ്റുകള്‍ ഉടന്‍ സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. നവകേരളം പദ്ധതിയുടെ ഭാഗായി ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ആറ് യൂനിറ്റുകള്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ നല്‍കും.
നാല് യൂനിറ്റുകള്‍ സര്‍ക്കാര്‍ നല്‍കും. ഒരു യൂനിറ്റ് ചിറ്റുമല ബ്ലോക്ക് നല്‍കും. ഇതില്‍ 10 യൂനിറ്റുകള്‍ ഒരേ സമയം പ്രവര്‍ത്തന ക്ഷമമാക്കും. ഒരു യൂനിറ്റ് കരുതല്‍ യൂനിറ്റായി നിലനില്‍ക്കും. പുതിയ ആശുപത്രി കെട്ടിടം പ്രവര്‍ത്തിക്കുമ്ബോള്‍ അതിനാവശ്യമായ ഫര്‍ണിചറും ലാബ് സൗകര്യവും ഏര്‍പ്പെടുത്തും.
കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കുണ്ടറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ഓമനക്കുട്ടന്‍പിള്ള, ആരോഗ്യസമിതി അധ്യക്ഷന്‍ വി. വിനോദ്, ദേവദാസന്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എസ്. ശ്യാം, ഇജീന്ദ്രലേഖ, ഡി.എം.ഒ ഡോ. വസന്തദാസ്, എ.ഡി.എച്ച് ഡോ. മീനാക്ഷി, അസി. ഡയറക്ടര്‍ ഡോ. ഹരി, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ജി. ബാബുലാല്‍, പി.ആര്‍.ഒമാരായ ഗിരീശന്‍, എസ്. അരുണ്‍, ഹെഡ് നഴ്‌സ് ശ്രീജ കുമാരി, സ്റ്റാഫ് നഴ്‌സ് യമുന റാണി എന്നിവര്‍ പങ്കെടുത്തു.