തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി ഏപ്രിൽ 26നാണ് നിശ്ചയിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നാണ്. ആകെ 7 ഘട്ടങ്ങളിലായുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്. ഏപ്രില്‍ 26 വെള്ളിയാഴ്ചയാണെന്നും അന്നേദിവസത്തെ വോട്ടെടുപ്പ് ഇസ്ലാം മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തീയതി മാറ്റണമെന്നും മുസ്ലിം സംഘടനകളും മുസ്ലിം ലീഗും ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പ് തീയതി മാറ്റുന്നതില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രതികരിച്ചു. ഇക്കാര്യത്തിൽ പരാതികള്‍ ലഭിച്ചല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കേരളത്തിനൊപ്പം കര്‍ണാടക, ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും അതേ ദിവസമാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.