ഇരുചക്രവാഹനം ഉപയോഗിച്ചുള്ള അപകടകരമായ രീതിയിലുള്ള അഭ്യാസങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 പേര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചു. അപകടകരവും നിയമവിരുദ്ധമവുമായ രീതിയില്‍ അഭ്യാസങ്ങളില്‍ ഏര്‍പ്പെട്ട 32 ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. 26 പേരുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴയായി 4.7 ലക്ഷം ഈടാക്കുകയും ചെയ്തു. നാല് പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അപകടകരമായ രീതിയിലുള്ള ബൈക്ക് അഭ്യാസത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക പരിശോധന നടത്താന്‍ തീരുമാനിച്ചത്. വാഹനം ഓടിക്കുന്നതിനിടെ അനധികൃതമായ രീതിയില്‍ യുവാക്കള്‍ ബൈക്ക് റേസിംഗില്‍ ഏര്‍പ്പെട്ടതായും രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിച്ചതായും കണ്ടെത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ട്രാഫിക് റോഡ് സേഫ്റ്റി സെല്ലാണ് കുറ്റക്കാരായവരെ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സമാനമായ രീതിയില്‍ നടത്തിയ പരശോധനയില്‍ അഭ്യാസം നടത്തിയ 35 ഇരുചക്രവാഹനങ്ങള്‍ സംസ്ഥാനത്ത് നിന്നു പിടിച്ചെടുത്തിരുന്നു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കുകയും ഏഴ് പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പിഴയായി 3.5 ലക്ഷം രൂപയാണ് അന്ന് ഈടാക്കിയത്.