വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയയാൾക്ക് 25000 രൂപ പിഴ വിധിച്ച് ഹൈക്കോടതി. അനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റി നൽകിയ ഹർജി, ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.കടുവയെ വെടിവച്ചു കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെയാണ് പൊതുതാൽപര്യ ഹർജി നൽകിയത്.
നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഡിസംബർ 10ലെ ഉത്തരവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. സുൽത്താൻബത്തേരിയിൽ ക്ഷീരകർഷകനായ പ്രജീഷിനെ കൊലപ്പെടുത്തിയ കടുവയെ കൂട് സ്ഥാപിച്ചോ മയക്കുവെടി വച്ചോ പിടികൂടാനായില്ലെങ്കിൽ തിരിച്ചറിഞ്ഞ ശേഷം വെടിവച്ചു കൊല്ലാനായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്.അതേസമയം വാകേരിയിൽ കടുവ ആക്രമിച്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കടുവയ്ക്കായുള്ള തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ നടക്കുന്നത്. ഇതിനിടെ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി പറഞ്ഞു.