ആര്‍എസ്എസിന്റെ പരിശീലന പരിപാടികളില്‍ വന്‍ തോതില്‍ യുവാക്കള്‍ പങ്കെടുക്കുന്നുണ്ടെന്ന് ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യ. ഇതിന്റെ അടിസ്ഥാനത്തിൽ സംഘ ശാഖകളുടെ എണ്ണം കൂടുന്നതനുസരിച്ച് പ്രവർത്തനം സുഗമമാക്കാൻ ഒരുങ്ങുകയാണ് ആർഎസ്എസ്. ഇതിലൂടെ കേരളത്തെ രണ്ട് സംഘടനാ പ്രന്തങ്ങളായി തരം തിരിക്കും.
ദക്ഷിണ കേരളം, ഉത്തര കേരളം എന്നിങ്ങനെയാണ് പുതിയ പ്രാന്തങ്ങൾ. നാഗ്പൂരിലെ അഖിലഭാരതീയ പ്രതിനിധി സഭയുടേതാണ് തീരുമാനം. പ്രന്തങ്ങളുടെ ചുമതലക്കാരെയും അഖിലഭാരതീയ പ്രതിനിധി സഭയിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ ആലുവ വരെ ആർഎസ് എസിന്റെ ദക്ഷിണ കേരളം. ആലുവ മുതൽ കാസർഗോഡ് വരെ ഉത്തര കേരളം.
സമാന രീതിയിൽ ഉത്തര തമിഴ്നാടും ദക്ഷിണ തമിഴ്നാടും ഉത്തര കർണ്ണാടകയും ദക്ഷിണ കർണ്ണാടകയും നേരത്തെ ഉണ്ട്. പരിഷ്‌കാരങ്ങള്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കാനാണ് തീരുമാനം. ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി മന്‍മോഹന്‍ വൈദ്യയാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് ദിവസത്തെ പ്രാഥമിക് ശിക്ഷ വര്‍ഗ്ഗ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് പ്രഥം വര്‍ഷ്, 20 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് ദ്വിത്യ വര്‍ഷ്, 25 ദിന സംഘ് ശിക്ഷ വര്‍ഗ്ഗ് തൃത്യാ വര്‍ഷ് പരിശീലനങ്ങളിലാണ് മാറ്റം വരുത്തിയിട്ടുള്ളത് .
പുതിയ പ്രവര്‍ത്തകര്‍ക്കായി മൂന്ന് ദിവസത്തെ പ്രാരംഭിക് വര്‍ഗ്ഗ് സംഘടിപ്പിക്കുകയും, പുതുതായി എത്തുന്നവര്‍ 15 ദിവസത്തെ സംഘ് ശിക്ഷ വര്‍ഗ്ഗില്‍ പങ്കെടുക്കണമെന്നും, പിന്നീട് ശേഷം പ്രാഥമിക് ശിക്ഷ വര്‍ഗ്ഗിലും പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സംഘ് ശിക്ഷ വര്‍ഗ്ഗ് പ്രഥം വര്‍ഷ് എന്നാണ് ഈ പരിശീലന പരിപാടി അറിയപ്പെട്ടിരുന്നത്. 20 ദിവസമായിരുന്നു പരിപാടിയുടെ കാലയളവ്. 15000നും 17000നും ഇടയില്‍ യുവാക്കള്‍ പ്രഥം ശിക്ഷ വര്‍ഗ്ഗില്‍ ഉണ്ടായിരുന്നു.
സംഘ് ശിക്ഷാ വര്‍ഗ്ഗ് 15 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. നേരത്തെ ദ്വിത്യ വര്‍ഷ, തൃത്യ വര്‍ഷ എന്നറിയപ്പെട്ടിരുന്ന പരിശീലന പരിപാടികളുടെ പേരിലും മാറ്റം വരുത്തിയിട്ടുണ്ട്. ദ്വിത്യ വര്‍ഷ ഇനിമുതല്‍ കാര്യകര്‍ത്താ വികാസ് വര്‍ഗ് -1 എന്നും തൃത്യ വര്‍ഷ കാര്യകര്‍ത്താ വികാസ് -2 എന്നും അറിയപ്പെടും. തൃത്യ വര്‍ഷ് ഉള്ളടക്കത്തിലും മാറ്റം വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ആളുകൾക്കാകട്ടെ പ്രായോഗിക പരിശീലനവും നൽകുന്നുണ്ട്.
സംഘപ്രവർത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കർമ പരിപാടികൾ തയാറാക്കുന്നതിന് ആർഎസ്എസ് നേരത്തെ തന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നതാണ്. കേരളത്തിൽ ഇപ്പോൾ 5,300ലധികം സ്ഥലങ്ങളിലാണ് ആർഎസ്എസ് ശാഖ പ്രവർത്തനം നടക്കുന്നത്. കൂടതെ കേരളത്തിൽ എണ്ണായിരം സ്ഥലങ്ങളിൽ ശാഖാ പ്രവർത്തനം വിപുലമാക്കും എന്ന് തീരുമാനിച്ചിരുന്നു.
ഇതിന് പ്രവർത്തകരെ തയ്യാറാക്കുന്നതിന് സംസ്ഥാനത്ത് 4 സ്ഥലങ്ങളിലായി പരിശീലനവർഗുകൾ സംഘടിപ്പിക്കുമെന്നും ആർഎസ്എസ് അറിയിച്ചിരുന്നതാണ്. കൂടാതെ രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും, ശാഖയും ആഴ്ചയിലുള്ള മിലനും ആരംഭിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിട്ടിട്ടുണ്ട്.