വെറും എട്ടുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ ദൗത്യത്തിനായി കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ബോയിംഗ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തില്‍ നാസയുടെ ബഹിരാകാശ ഗവേഷകരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍, ചില സാങ്കേതിക തകരാറുകള്‍ മൂലം ഇരുവരും ഒന്‍പത് മാസത്തോളം ബഹിരാകാശനിലയത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ മാര്‍ച്ച് 18ന് ഇരുവരും ഫ്‌ളോറിഡ തീരത്ത് ലാന്‍ഡ് ചെയ്തു. ”രാഷ്ട്രീയ കാരണങ്ങളാലാണ്” സുനിതയും വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും കുറ്റപ്പെടുത്തിയിരുന്നു. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനു നേരെയാണ് ഇരുവരും വിരല്‍ ചൂണ്ടിയത്.
ബഹിരാകാശ യാത്രികരെ തിരികെ കൊണ്ടുവരാന്‍ ബൈഡന്‍ സര്‍ക്കാര്‍ ‘തിടുക്കം കാണിച്ചില്ലെന്നും’ സുനിതയും വിൽമോറും മടങ്ങിയെത്തി മണിക്കൂറുകള്‍ക്കകം വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. എന്നാല്‍, ദീര്‍ഘകാലം ബഹിരാകാശത്ത് തങ്ങാനുണ്ടായ കാരണമായി രാഷ്ട്രീയ ഇടപെടലുകളെ ഇരുവരും തള്ളിക്കളഞ്ഞു.