സോളാർ കേസിൽ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി.

0
66

സോളാർ കേസ് പരാതിക്കാരിയുടെ കത്ത് തിരുത്താൻ ശ്രമിച്ചെന്ന കേസിൽ നടനും പത്തനാപുരം എം.എൽ.എയുമായ ഗണേഷ്കുമാറിന് ഹൈക്കോടതിയിൽ തിരിച്ചടി. കൊട്ടാരക്കര കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിക്കളഞ്ഞു. ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന കേസിൽ വിസ്താരം തുടരാമെന്നും ആരോപണ വിധേയൻ നേരിട്ട് വിചാരണ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. നേരിട്ട് ഹാജരാകുന്നത് തടയണമെന്ന ഹർജിയും ഇതോടൊപ്പം തള്ളി.

സോളാർ കേസിലെ പീഡനാരോപണ പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ ​ഗണേഷ്കുമാറും പരാതിക്കാരിയും ചേർന്ന് എഴുതിച്ചേർത്തതാണെന്നാണ് ഹർജിയിലെ ആരോപണം. 2018ലായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ ഈ ഹർജിയിലെ മുൻ‌പ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഒരുമാസം മുമ്പ് സ്റ്റേ നീങ്ങുകയും കൊട്ടാരക്കര കോടതി ​ഗണേഷ്കുമാറിനോട് നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസിൽ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. കെ.ബി ​ഗണേഷ്കുമാറും ശരണ്യ മനോജും സോളാർ കേസിലെ പരാതിക്കാരിയും ചേർന്നാണ് പീഡനപരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതിച്ചേർത്തത് എന്നായിരുന്നു സിബിഐ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here