മണിരത്നത്തിന്റെ സംവിധാനത്തിൽ ആർ മാധവൻ, ശാലിനി എന്നിവർ അഭിനയിച്ച് 2000ൽ പുറത്തിറങ്ങിയ ‘അലൈപായുതേ’എന്ന ചിത്രം തന്റെ മാതാപിതാക്കളുടെ പ്രണയ കഥയാണെന്ന വാദവുമായി യുവതി. സഞ്ജന നാഗേഷ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ തന്റെ മാതാപിതാക്കളുടെ ചിത്രത്തോടൊപ്പം സംഭവം വിശദീകരിച്ചത്.
അച്ഛന്റെയും അമ്മയുടെയും പ്രണയ കഥ കേൾക്കാൻ ആഗ്രഹിച്ച് അമ്മയുടെ അടുത്ത് എത്തിയപ്പോൾ അമ്മ തന്നോട് സമയമുണ്ടോ എന്ന് ചോദിച്ചുവെന്നും, ഉണ്ടെന്ന് പറഞ്ഞപ്പോൾ ലാപ്ടോപ്പ് എടുത്ത് തന്നോട് അലൈപായുതേ എന്ന ചിത്രം കാണാൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സഞ്ജന പറയുന്നു. ചിത്രം കണ്ട് കഴിഞ്ഞപ്പോൾ അമ്മ തന്നോട് ഇപ്പോൾ കണ്ടത് തങ്ങളുടെ പ്രണയ കഥയാണെന്ന് പറഞ്ഞുവെന്നും അത് കേട്ട് താൻ പൊട്ടികരഞ്ഞുവെന്നും സഞ്ജന പറയുന്നു.
ചിത്രം പുറത്തിറങ്ങിയ സമയത്ത് അത് കണ്ട ശേഷം തന്റെ പിതാവിന്റെ ചില സുഹൃത്തുക്കൾ വിളിച്ച് “മണിരത്നത്തിന് നിങ്ങളുടെ പ്രണയ കഥ എങ്ങനെ കിട്ടി?” എന്ന് ചോദിച്ചതായും യുവതി പോസ്റ്റിൽ പറഞ്ഞു. കൂടാതെ തന്റെ മാതാപിതാക്കൾ ഒന്നിലധികം തവണ തീയറ്ററിൽ പോയി ഈ ചിത്രം കണ്ടിട്ടുണ്ടെന്നും സഞ്ജന പറഞ്ഞു. ആർ മാധവനെ കൂടി ടാഗ് ചെയ്ത് അദ്ദേഹത്തിന് ഒരു സന്ദേശവും നൽകിക്കൊണ്ടാണ് സഞ്ജന തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. “മാധവൻ, ഈ പോസ്റ്റ് നിങ്ങൾ കാണുകയാണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അലൈപായുതേ 2000 ൽ നിങ്ങൾ സിനിമയാക്കും മുൻപേ 1994 ൽ അത് എന്റെ മാതാപിതാക്കളുടെ പ്രണയ കഥയായിരുന്നു” – സഞ്ജന പോസ്റ്റിൽ കുറിച്ചു.
വൈറലായ പോസ്റ്റ് മാധവന്റെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം അതിന് പ്രതികരണവുമായി എത്തുകയും ചെയ്തു. “ ആ പ്രണയം സിനിമയിലുള്ളതിനേക്കാൾ മനോഹരമായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്” എന്നായിരുന്നു മാധവന്റെ പ്രതികരണം. സിനിമ കണ്ട മറ്റ് പലരും സഞ്ജനയുടെ മാതാപിതാക്കളുടെ കഥയുമായി ചിത്രത്തിനുള്ള സാമ്യതയെ ചൂണ്ടിക്കാട്ടി. മറ്റ് ചിലർ ചിത്രം ആദ്യമായി കാണാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചു. അതൊരു മനോഹരമായ പ്രണയമാണെന്നും ഇപ്പോഴും അങ്ങനെ തന്നെ നിലനിൽക്കുന്നുവെന്നും മറ്റൊരാൾ കുറിച്ചു.