പശ്ചിമ ബംഗാളിൽ ഒമൈക്രോൺ ഉപ വകഭേദം ബിഎഫ്.7-ന്റെ നാല് കേസുകൾ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്തിടെ യുഎസിൽ നിന്ന് മടങ്ങിയെത്തിയ നാല് പേരുടെ ജീനോം സീക്വൻസിംഗിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം ബാധിച്ചതായി സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നാല് പേരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് പേരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരും നാദിയ ജില്ല സ്വദേശികളുമാണ്, ഒരാൾ ബിഹാറിൽ നിന്നുള്ളയാളാണ്. എന്നാൽ നിലവിൽ ഇയാൾ കൊൽക്കത്തയിലാണ് താമസിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. രോഗബാധിതരായ ഈ നാല് പേരുമായി ആകെ 33 പേർ സമ്പർക്കം പുലർത്തിയതായി സംസ്ഥാന ആരോഗ്യവകുപ്പ് കണ്ടെത്തി.
“33 പേരും നിലവിൽ ആരോഗ്യവാന്മാരാണ്, അവരുടെ അവസ്ഥ ഞങ്ങൾ നിരീക്ഷിച്ചു വരികയാണ്” ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ മാസം മുതൽ വിദേശത്ത് നിന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ എത്തിയ കോവിഡ് ബാധിതരുടെ എല്ലാവരുടെയും സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി ശേഖരിച്ചു വരികയാണ്.
കഴിഞ്ഞ ആഴ്‌ച കൊൽക്കത്ത വിമാനത്താവളത്തിൽ ഒരു വിദേശ പൗരൻ ഉൾപ്പെടെ രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ അവരുടെ ജീനോം സീക്വൻസിംഗ് പരിശോധന നടത്തിയപ്പോൾ അവർക്ക് ഒമൈക്രോണിന്റെ BF.7 സബ്‌വേരിയന്റ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.